'ഫെയ്ൻഗൽ' തീരം തൊട്ടു; മഴക്കെടുതിയിൽ മൂന്ന് മരണം, അതീവജാഗ്രത
വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നാണ് സൂചന
Update: 2024-11-30 17:10 GMT
ചെന്നൈ: ഫെയ്ൻഗൽ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയിൽ രാത്രി ഏഴരയോടെയാണ് ചുഴലിക്കാറ്റെത്തിയത്.
കാറ്റ് കര തൊട്ടതോടെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കള്ളക്കുറിച്ചി കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ മൂന്ന് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ട് പേർ ഷോക്കേറ്റാണ് മരിച്ചത്. തമിഴ്‌നാട്, ഉത്തർപ്രദേശ് സ്വദേശികളാണിവർ. ഇതിൽ തമിഴ്‌നാട് സ്വദേശിയുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയും കാറ്റും കനത്തതോടെ ചെന്നൈ വിമാനത്താവളം അടച്ചു. നാളെ പുലർച്ചെ നാല് മണിവരെ ഒരു സർവീസും ഉണ്ടാവില്ലെന്നാണ് അറിയിപ്പ്. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴിതിരിച്ചുവിട്ടു. വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നാണ് സൂചന.