തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റം; തൃപ്പൂണിത്തുറ നഗരസഭയില്‍ ബി.ജെ.പി അട്ടിമറി ജയം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിൽ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടായി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 42 വാര്‍ഡുകളില്‍ 24 സ്ഥലത്തും എല്‍.ഡി.എഫ് വിജയിച്ചു. യുഡിഎഫ് 12 വാര്‍ഡുകളിലും ബി.ജെ.പി ആറിടത്തുമാണ് വിജയിച്ചത്. ഏഴ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫും ബി.ജെ.പിയും മൂന്നുവീതം സീറ്റുകളാണ് പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നത്. 42 ഇടത്തെ ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിൽ എൽ.ഡി.എഫിന് തിരിച്ചടി ഉണ്ടായി. തൃപ്പൂണിത്തറ നഗരസഭയിലെ രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. രണ്ട് സീറ്റുകൾ ബിജെപി പിടിച്ചെടുത്തതോടുകൂടി കേവല ഭൂരിപക്ഷം എൽ.ഡി.എഫിന് നഷ്ടമായി. പക്ഷേ ഭരണം നഷ്ടമായിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ രണ്ട് സീറ്റുകൾ നഷ്ടമായത് എൽഡിഎഫിന് തിരിച്ചടി തന്നെയാണ്.
കൊല്ലം ജില്ലയിലെ ആറു പഞ്ചായത്തു വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയമാണുണ്ടായത്. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ അഞ്ചിടത്തും എൽഡിഎഫ് വിജയം നേടി. എൽഡിഎഫിന്റെ ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. പത്തനംതിട്ട ജില്ലയിൽ മത്സരം നടന്ന മൂന്ന് വാർഡുകളിൽ രണ്ടെണ്ണം എൽഡിഎഫും ഒരെണ്ണം യുഡിഎഫും നേടി. കോട്ടയം മുനിസിപ്പാലിറ്റിയിലെ വാർഡിൽ ബിജെപിയാണ് വിജയിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ മൂന്നിടത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ രണ്ടിടത്ത് യുഡിഎഫ് വിജയിച്ചു. വളളിക്കുന്ന് പഞ്ചായത്ത് ഒമ്പതാം വാർഡിൽ (പരുത്തിക്കാട്) മേലയിൽ യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി എം രാധാകൃഷ്ണനാണ് 280 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന കെ വിനോദ്കുമാർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫന് 14 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. വിജയൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി.
പത്തനംതിട്ട ജില്ലിയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരുവാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർഥി കുഞ്ഞു മറിയാമ്മയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മയെയാണ് പരാജയപ്പെടുത്തിയത്.
കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ മൂന്നിടത്തും എൽഡിഎഫിന് വൻ വിജയം. യുഡിഎഫും ബിജെപിയും ഓരോ വാർഡ് വീതം നേടി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയൂർ, മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്.മുതിയലത്ത് സിപിഐ എമ്മിലെ പി ലതയും പുല്ലാഞ്ഞിയോട് വാർഡിൽ എൽഡിഎഫിലെ വി രമ്യയും തെക്കേ കുന്നുംപുറത്ത് എൽഡിഎഫിലെ കെ രമണിയും വിജയിച്ചു. തൃശൂരുൽ ആറിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച തൃക്കൂർ ആലേങ്ങാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.