സ്വര്‍ണ്ണ ചലഞ്ചുമായി മുന്നണികള്‍; ചലഞ്ചില്‍ ജയിച്ചാല്‍ സ്വര്‍ണ്ണം നല്‍കുമെന്ന് എല്‍.ഡി.എഫ്- യു.ഡി.എഫ്
എല്‍.ഡി.എഫ്- യു.ഡി.എഫ് എം.പിമാര്‍ അവരുടെ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ചലഞ്ച്
പാലക്കാട്: സ്വര്‍ണ്ണ ചാലഞ്ചുമായി പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍. ഇരു കൂട്ടരുടെയും എം.പിമാര്‍ അവരുടെ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ചലഞ്ച് . ചലഞ്ചില്‍ ജയിച്ചാല്‍ രണ്ട് പവന്‍ നല്‍കാമെന്ന് യു.ഡിഎഫും ഒരു പവന്‍ നല്‍കാമെന്ന് എല്‍.ഡിഎഫും പറയുന്നു.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പട്ടാമ്പിയിലാണ് തിരുവേഗപ്പുറ പഞ്ചായത്ത്. 25 വര്‍ഷം എല്‍.ഡി.എഫ് എം.പിമാരാണ് പഞ്ചായത്തിനെ പ്രതിനിധീകരിച്ചത്. എന്നാല്‍ 2019ല്‍ വിജയിച്ച യു. ഡി.എഫിന്റെ വി.കെ ശ്രീകണ്ഠന്‍ എല്‍.ഡി.എഫിന്റെ എം.പിമാരെക്കാള്‍ മികച്ച വികസനങ്ങള്‍ പഞ്ചായത്തില്‍ കൊണ്ടു വന്നു എന്നാണ് യു.ഡി.എഫിന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നവര്‍ക്ക് രണ്ട് പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നാണ് ഇവരുടെ ചലഞ്ച് . ഇതിനായി വാട്‌സ് ആപ്പ് നമ്പര്‍ ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയാണ് പ്രവര്‍ത്തകര്‍.
അതേസമയം വി.കെ ശ്രീകണ്ഠന്‍, എം.പി ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തില്‍ ഒരു പദ്ധതി പോലും പൂര്‍ത്തീകരിച്ചില്ലെന്ന് എല്‍.ഡി.എഫ് പറയുന്നു. ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഒരു പവന്‍ സ്വര്‍ണ്ണം നല്‍കാമെന്ന് ചലഞ്ചുമായാണ് എല്‍.ഡി.എഫ് രംഗത്ത് എത്തിയത്.
അതേസമയം തങ്ങളാണ് ആദ്യം സ്വര്‍ണ്ണ ചാലഞ്ച് കൊണ്ടുവന്നതെന്ന് എല്‍.ഡി.എഫ് പറയുന്നു . ഇതിനു മറുപടി പറയാന്‍ കഴിയാത്ത യു.ഡി.എഫ് പ്രവര്‍ത്തകര്‍ പുതിയ ചലഞ്ചുമായി രംഗത്തെത്തിയതാണെന്നാണ് എല്‍.ഡി.എഫിന്റെ വാദം. തെരഞ്ഞെടുപ്പ് നടക്കുന്ന ഇരുപത്തിയാറാം തീയതിയാണ് രണ്ടു കൂട്ടരുടെയും ചലഞ്ചില്‍ പങ്കെടുക്കാനുള്ള അവസാന ദിവസം.