'കോൺഗ്രസില്ലാതെ നടക്കുമോ?'; ഇ.പി ജയരാജനെ തള്ളി ലീഗ്

"ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെയായി ഇപ്പോൾ"

Update: 2022-04-23 06:28 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം: മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കാന്‍ ലക്ഷ്യമിട്ട്  എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ലീഗ് നേതാക്കൾ. ദേശീയതലത്തിൽ സിപിഎം അടക്കമുള്ള കക്ഷികൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും യുഡിഎഫില്‍ ഒരാശയക്കുഴപ്പവുമില്ലെന്നും നേതാക്കൾ പറഞ്ഞു. ആശയക്കുഴപ്പം ഇപ്പോൾ ഇടതുമുന്നണിയിലാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ നടക്കുന്ന പാർട്ടി യോഗത്തിനെത്തവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യുഡിഎഫിൽ ആശയക്കുഴപ്പമുണ്ടായിക്കോട്ടേ എന്നു വച്ചാകും ജയരാജൻ അതു പറഞ്ഞിട്ടുണ്ടാകുക. പക്ഷേ, ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെയായി ഇപ്പോൾ. ആശയക്കുഴപ്പം അവർക്കിടയിലാണ് ഉണ്ടായത്. ഞങ്ങൾക്കിടയിൽ അങ്ങനെയില്ല. കോൺഗ്രസുമായുള്ള ഞങ്ങളുടെ ബന്ധം കാലത്തിന്റെ വെല്ലുവിളി നേരിടാനുള്ളതാണ്. ദേശീയ തലത്തിൽ കോൺഗ്രസില്ലാതെ നടക്കുമോ? സിപിഎം അടക്കമുള്ള മറ്റു മതേതര കക്ഷികൾ കോൺഗ്രസുമായി ദേശീയതലത്തിൽ എങ്ങനെ യോജിക്കണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്.'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സിപിഎം സ്വീകരിച്ചിട്ടുള്ളത് എന്നും അവരുടേത് കാപട്യമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.

'ഞങ്ങളുടെ നിലപാട് വ്യക്തമാണ്. സിപിഎമ്മുമായി ഒരു ധാരണയുടെ പ്രശ്‌നം ഉദിക്കുന്നേയില്ല. മാത്രമല്ല, സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടരാഷ്ട്രീയവും തുറന്നു കാണിക്കാനുള്ള യഞ്ജം രാജ്യത്ത് ഉയർന്നു വരണം. കാരണം അവർ വേട്ടക്കാരന്റെയും ഓടുന്ന മുയലിന്റെ കൂടെയും നിൽക്കുകയാണ്. ആ പൊളിറ്റിക്‌സ് പണ്ടു മുതലേ മാർക്‌സിസ്റ്റ് പാർട്ടി കളിച്ചിട്ടുണ്ട്. പക്ഷേ, ഇന്നത് തെറ്റായ രീതിയിലേക്ക് പോകുകയാണ്. ന്യൂനപക്ഷത്തിന്റെ അടിസ്ഥാന അവകാശങ്ങൾ തകർക്കുന്നവരുമായി ഒരു ധാരണയുടെ പ്രശ്‌നം ഉദിക്കുന്നേയില്ല.' - ബഷീർ പറഞ്ഞു.

ഇ.പി ജയരാജന്റെ പ്രസ്താവന മുന്നണിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണോ എന്ന ചോദ്യത്തിന് 'ഇത് കപട വേഷമാണ്. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടണം. അതിനെന്തെങ്കിലും രണ്ട് ഉശിരുള്ള വർത്തമാനം പറയുക. കർമത്തിലൂടെ ഉപദ്രവിക്കുക. വാക്കിലൂടെ മധുരം പുരട്ടുക. അത് അവരെന്നും എടുത്തിട്ടുള്ള പൊളിറ്റിക്‌സാണ്. ഞങ്ങളേയുള്ളൂ ഫാഷിസത്തെ എതിർക്കാൻ എന്നു പറയും. അതോടൊപ്പം താത്വികമായി ചെയ്യാൻ കഴിയുന്ന എല്ലാ ഉപദ്രവവും ചെയ്യാൻ കഴിയുന്ന സമീപനമാണ് അവരുടേത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് ഇ.പി ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുംവിധം പരാമർശം നടത്തിയത്. എന്നാൽ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തള്ളിയിരുന്നു. പ്രസ്താവന അനവസരത്തിലുള്ളതായി എന്നതായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News