'പ്രണയം നിരസിച്ചത് പകയായി; കൊടുവാൾ കൊണ്ട് തലയ്ക്കു വെട്ടി'- നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി
പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററുള്ള ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്
കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിയതിനു പിന്നിൽ പ്രണയപ്പകയെന്ന് റിപ്പോർട്ട്. പ്ലസ്ടു കാലം മുതലുള്ള പ്രണയം പെൺകുട്ടി നിരസിച്ചതിലുള്ള പകയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
'വാക്കുതർക്കത്തിൽ നാട്ടുകാർ ഇടപെട്ടതോടെ തലയ്ക്കു വെട്ടി'
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം നടന്നത്. നാദാപുരത്തെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയും പേരോട് സ്വദേശിയുമായ പെൺകുട്ടിയെ അക്രമിയായ റഫ്‌നാസ് ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എൽ.പി സ്‌കൂൾ പരിസരത്ത് പെൺകുട്ടിയും റഫ്‌നാസും തമ്മിൽ കുറേനേരം വാക്കുതർക്കമുണ്ടായിരുന്നു. ഇത് നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
തർക്കത്തിൽ നാട്ടുകാർ ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് റഫ്‌നാസ് കൈയിലുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്കു വെട്ടിയത്. തലയുടെ പിൻഭാഗത്താണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ നാട്ടുകാർ ഉടൻ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.
ഇതിനിടെ രക്ഷപ്പെട്ട റഫ്‌നാസിനെ പിന്തുടർന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തന്നെ ഇയാളെ പിടികൂടി പൊലീസിനു കൈമാറി. ഉടൻ നാദാപുരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
'പ്ലസ്ടു മുതൽ ഒരുമിച്ചു പഠിച്ചു, പ്രണയവും അന്നു തുടങ്ങി'
നാദാപുരം ഡിവൈ.എസ്.പി റഫ്‌നാസിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രണയനൈരാശ്യത്തെ തുടർന്നുള്ള പകയാണ് ആക്രമണത്തിനു കാരണമെന്നാണ് മൊഴിയിൽ പറയുന്നത്.
പ്ലസ്ടു വരെ ഇരുവരും ഒരുമിച്ചു പഠിച്ചതാണ്. എന്നാൽ, അന്നു തൊട്ട് പ്രണയമുണ്ടെന്നാണ് പറയുന്നത്. പിന്നീട് പെൺകുട്ടി പ്രണയം നിരസിച്ചതോടെയാണ് പക തുടങ്ങിയത്. ആ പക തീർക്കുകയായിരുന്നു കൃത്യത്തിലൂടെയെന്ന് റഫ്‌നാസ് മൊഴിയിൽ പറഞ്ഞു.
പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇതേതുടർന്ന് വെന്റിലേറ്ററുള്ള ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്.
Summary: Youth attacks his girl friend after love rejection in Nadapuram, Kozhikode