ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്തയാള്‍ അറസ്റ്റിൽ

മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്

Update: 2022-05-31 07:09 GMT
Editor : Lissy P | By : Web Desk
Advertising

തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ.  മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് പാർട്ടിയുമായി ബന്ധമില്ലെന്ന് മുസ്‍ലിം ലീഗ് കോട്ടയ്ക്കൽ മുൻസിപ്പൽ സെക്രട്ടറി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിൽ നിന്ന് വീഡിയോ ഡെലീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം ഫേസ്ബുക്കിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. പിന്നീട് ട്വിറ്ററിലും വാട്‌സ്ആപ്പിലും വീഡിയോ പ്രചരിപ്പിച്ചിരുന്നു.ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോ‍ഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

നേരത്തെ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന  അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്ന വിവരം. 

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരിൽ നിന്നാണ് വീഡിയോ പ്രചരിപ്പിച്ചയാളിലേക്ക് പൊലീസ് എത്തുന്നത്. അപ്പോഴേക്കും ഇയാൾ ഒളിവിൽ പോയിരുന്നു. അബ്ദുൾ ലത്തീഫിനെ ഇന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തിക്കും.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് ആണ് വ്യാജ വീഡിയോ കേസില്‍ അന്വേഷണം നടത്തുന്നത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്ന് ഡി.ജി.ലപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News