'രക്തസാക്ഷി ധനരാജിന്റെ കടം വീട്ടും, നയാ പൈസ അപഹരിച്ചിട്ടില്ല': സിപിഎം
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് വിശദീകരണക്കുറിപ്പിറക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാര്‍ട്ടിക്കില്ലെന്നും ജില്ലാ സെക്രട്ടറി കുറിപ്പിൽ പറയുന്നു.
കണ്ണൂര്‍: പയ്യന്നൂരിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകൻ ധനരാജിന്റെ കടം പാർട്ടി വീട്ടുമെന്ന് സി.പി. എം. ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസപോലും ആരും അപഹരിച്ചിട്ടില്ലെന്നും വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് വിശദീകരണക്കുറിപ്പിറക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാര്‍ട്ടിക്കില്ലെന്നും ജില്ലാ സെക്രട്ടറി കുറിപ്പിൽ പറയുന്നു.
ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ബഹുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര്‍ കോ-ഓപറേറ്റിവ് റൂറല്‍ ബേങ്കില്‍ ധനരാജിന്‍റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി വീട്ടുമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
സിപിഎം പയ്യന്നൂർ ഏരിയയിൽ രക്തസാക്ഷി കുടുംബസഹായ ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ആക്ഷേപം. പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലാണ് ക്രമക്കേട് നടന്നതായി ആക്ഷേപം ഉയര്‍ന്നത്. പയ്യന്നൂരിലെ ഫണ്ട് തിരിമറി അന്വേഷിക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെ വരെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു.
2016 ജൂലൈ 11 നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. ഭാര്യ സജിനി സിപിഎം കാരന്താട‌് പടിഞ്ഞാറ‌് ബ്രാഞ്ചംഗമാണ്. രാമന്തളി പഞ്ചായത്ത് അംഗവുമാണ്.