മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിഞ്ഞു; ജലവിഭവവകുപ്പ് വിളിച്ച യോഗത്തിന്റെ മിനുട്‌സ് വായിച്ച് മന്ത്രി എ കെ ശശീന്ദ്രൻ
നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സർക്കാർ രേഖ പുറത്തുവന്നിരുന്നു
മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിയിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ വിശദീകരണം. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും നവംബർ ഒന്നിന് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും വ്യക്തമാക്കി യോഗത്തിന്റെ മിനുട്‌സ് വനം മന്ത്രി നിയമസഭയിൽ വായിച്ചു.
നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സർക്കാർ രേഖ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വനം മന്ത്രിയുടെ വിശദീകരണം.
മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്.ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത് യോഗത്തിൻറെ മിനിറ്റ്സ് ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.