'മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം ചർച്ച ചെയ്തില്ല': ഐ.എൻ.എല്ലിൽ പ്രശ്‌നങ്ങൾ തീരുന്നില്ല

ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ പ്രസിഡന്റ്‌ എ.പി അബ്ദുൽ വഹാബിന്റെ ശബ്ദ സന്ദേശം പുറത്ത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന് ശബ്ദ സന്ദേശത്തിൽപറയുന്നു.

Update: 2021-07-22 04:21 GMT
Editor : rishad | By : Web Desk
Advertising

ഐ.എൻ.എല്ലിൽ ഭിന്നത ശക്തമാകുന്നു . ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ പ്രസിഡന്റ്‌ എ.പി അബ്ദുൽ വഹാബിന്റെ ശബ്ദ സന്ദേശം പുറത്ത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് വിളിക്കാൻ ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും അബ്ദുൽ വഹാബ് ആരോപിച്ചു. യോഗം വിളിക്കുമെന്ന് പ്രസിഡന്റ്‌ പറയുന്നത് പ്രശ്നം സങ്കീർണമാക്കാനാണെന്നാണ് കാസിം ഇരിക്കൂറിന്റെ മറുപടി. മുഖ്യമന്ത്രിയുടെ താക്കീത് ലഭിച്ചിട്ടും ഐ.എൻ.എല്ലിൽ പ്രശ്‌നങ്ങൾ തീരുന്നില്ല എന്നാണ് പുതിയ വിവാദം നൽകുന്ന സൂചന.

രേഖാമൂലം ആവശ്യപ്പെട്ടിട്ടും സെക്രട്ടറിയേറ്റ് യോഗം വിളിച്ചുചേർക്കാൻ ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുത്തത് പോലും ചർച്ചയാക്കിയിട്ടില്ലെന്നുമാണ് അബ്ദുൽവഹാബ് പറയുന്നത്. സിപിഎം അംഗങ്ങളായ മൂന്ന് പേരാണ് പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായത്. അതുപോലും പാർട്ടിയിൽ ചർച്ചയായിട്ടില്ലെന്നും അബ്ദുൽ വഹാബ് ചൂണ്ടിക്കാണിക്കുന്നു. 

എന്നാൽ പാർട്ടിയുടെ ഭരണഘടനയനുസരിച്ചുള്ള കാര്യങ്ങളാണ് ചെയ്തതെന്നും അബ്ദുല്‍വഹാബിന്റെ നീക്കം പ്രശ്‌നങ്ങൾ സങ്കീർണമാക്കാനെ ഉപകരിക്കൂവെന്നുമാണ് കാസിം ഇരിക്കൂർ മറുപടി പറയുന്നത്. നേരത്തെ കോഴിക്കോട് പ്രവർത്തക സമിതി ചേർന്നപ്പോൾ ചേരിതിരിഞ്ഞ് രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് പുതിയ വിവാദവും. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News