അര്‍ജുനായി ഇന്നും തിരച്ചില്‍; പ്രദേശത്ത് കനത്ത മഴ
ദൗത്യം വിലയിരുത്താൻ രാവിലെ ഉന്നതതല യോഗം
അങ്കോല: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 13-ാം ദിവസവും തുടരും. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം ഇന്നും തിരച്ചിൽ നടത്തും. രക്ഷാദൗത്യം വിലയിരുത്താൻ രാവിലെ 10 മണിക്ക് ഉന്നതതല യോഗം ചേരും. മന്ത്രി എ.കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കും.
സിഗ്നൽ ലഭിച്ച മൂന്നിടങ്ങളിൽ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്.
പുഴയിലെ മൺകൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ധരുമായ മാൽപെ സംഘവും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.
ഗംഗാവലി പുഴയിൽ സിഗ്നൽ കാണിച്ച മൂന്നിടങ്ങളിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ചെളിയും കല്ലും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വളരെ നിരാശരാണെന്ന് കാർവാർ എം.എൽ.എ സതീഷ് സെയിൽ ഇന്നലെ പറഞ്ഞു. ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയുമാണ് കണ്ടത്. ദൗത്യം അതീവ ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിൽ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും ഇന്നലെ പറഞ്ഞിരുന്നു.