വാക്കുകൾ ഇടറി, കണ്ണീരണിഞ്ഞ് എം.എം. ഹസൻ
''എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ഗുരുനാഥന്മാരെന്ന് വിശേഷിപ്പിക്കുന്ന നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി''
തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രത്യേകതകളുള്ള ജനനേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഉമ്മൻചാണ്ടിയുടെ വിയോഗ വാർത്തയോട് പ്രതികരിക്കുകയായിരന്നു അദ്ദേഹം. പ്രതികരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി. ശേഷം കണ്ണീർ തുടക്കുന്നതും കാണാമായിരുന്നു.
''ഇതുപോലൊരു ജനപ്രിയനായ നേതാവ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒരിടത്തും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ഗുരുനാഥന്മാരെന്ന് വിശേഷിപ്പിക്കുന്ന നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി. ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങാൻ കാരണക്കാരനായ നേതാവാണ് അദ്ദേഹം. ബാലജനഖ്യം കാലം മുതലേ എനിക്ക് ഉമ്മൻചാണ്ടിയെ അറിയാമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഖമാണ് അദ്ദേഹത്തിന്റെ വേർപാടിൽ ഉണ്ടായത്.
അപരിഹാര്യമായ നഷ്ടമാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്. കാലത്തിന് മാത്രമേ ഉമ്മൻചാണ്ടിയുടെ വിടവ് നികത്താനാകൂ. ജനങ്ങളോട്, പാവപ്പെട്ടവരോട് അദ്ദേഹത്തിനുള്ള ആത്മബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഒരാൾ പരാതിയുമായി വന്നാൽ ഉടൻ പരിഹരിക്കാവുന്നതാണെങ്കിൽ അപ്പോൾ തന്നെയും അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ കുരുക്ക് അഴിക്കുന്ന പ്രകൃതമായിരുന്നു. അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ രോഗത്തിൽ ഞങ്ങളെല്ലാം പ്രയാസപ്പെട്ടിരുന്നു. രോഗകിടക്കയിൽ ആയിരുന്നപ്പോഴും ആംഗ്യങ്ങൾ കാണിച്ച് ഞങ്ങളോട് സംസാരിച്ചു.
അന്ത്യശ്വാസം വലിക്കുന്നത് വരെ രാഷ്ട്രീയവും ജനങ്ങളും ഈ നാടുമൊക്കൊയിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എത്ര വിശേഷണം നൽകിയാലും അതിനെല്ലാം അതീതനായുള്ള വ്യക്തിത്വവും മഹത്വവുമാണ് ഉമ്മൻചാണ്ടിക്കുള്ളത്- ഹസന്‍ വ്യക്തമാക്കി.