മോഡലുകൾ മരിച്ച സംഭവം; അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുൽ റഹ്‌മാൻ ജയിൽ മോചിതനായി
ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്
മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുൽ റഹ്‌മാൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്.
മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു. നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.