'മോദി ഭാരതത്തിന്‍റെ രണ്ടാമത്തെ മഹാത്മാഗാന്ധി'; രാഹുല്‍ ഈശ്വരിന്‍റെ ജന്മദിന ആശംസാ പോസ്റ്റിനെതിരെ വിമര്‍ശനം
ഫേസ്ബുക്ക് പോസ്റ്റിനെതിരെ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാം കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ വിമര്‍ശനമുന്നയിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിക്കുന്ന ആശംസാ പോസ്റ്റ് വിവാദത്തില്‍. മോദിയുടെ 72ആം പിറന്നാളിന് ആശംസ നേര്‍ന്ന് വലതുനിരീക്ഷകനായ രാഹുല്‍ ഈശ്വര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വിവാദത്തിലായത്.
'ഭാരതത്തിന്‍റെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ'; എന്നിങ്ങനെയായിരുന്നു രാഹുല്‍ ഈശ്വരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മഹാത്മാ ഗാന്ധിയുടെയും മോദിയുടെയും കൂപ്പു കരങ്ങളോടെയുള്ള ചിത്രങ്ങളും രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചു.
ഇതിനെതിരെ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാം, കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ വിമര്‍ശനമുന്നയിച്ചു. 'ട്രോളിന്‍റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുത് മിസ്റ്റർ രാഹുൽ ഈശ്വർ. ശക്തമായ പ്രതിഷേധം അറിയിക്കുന്നു', എന്നായിരുന്നു വി.ടി ബല്‍റാമിന്‍റെ വിമര്‍ശനം. 'ബുദ്ധിയില്ലായ്മ അഹങ്കാരമായി കൊണ്ട് നടക്കല്ലെ രാഹുൽ ഈശ്വർ', എന്ന് റിജില്‍ മാക്കുറ്റിയും പ്രതികരണം അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.