മോഫിയയുടെ ആത്മഹത്യ; സി.ഐ സുധീറിന് വീഴ്ച പറ്റിയെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്
ഒക്ടോബർ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്‍ത ദിവസമാണെന്നും റിപ്പോർട്ടിലുണ്ട്
ആലുവയിൽ മോഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ സി.ഐ സുധീറിന് ഗുരുതര വീഴ്‍ചയെന്ന് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്‍ത ദിവസമാണെന്നും റിപ്പോർട്ടിലുണ്ട്. കേസില്‍ അറസ്റ്റിലായ മോഫിയയുടെ ഭർത്താവിനെയും മാതാപിതാക്കളെയും റിമാന്‍ഡ് ചെയ്തു.
ഭർതൃപീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് നിയമ വിദ്യാർഥിയായ മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി.ഐ സി.എല്‍ സുധീറിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട്. പരാതി ഒക്ടോബർ 29ന് ലഭിച്ചിട്ടും സി.ഐ കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്ത നവംബർ 23നാണ് .സിഐ മോഫിയയോട് മോശമായി പെരുമാറിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ആലുവ പൊലീസ് സ്റ്റേഷന്‍റെ ചുമതലയിലെ തിരക്ക് കാരണം മോഫിയയുടെ പരാതി പരിശോധിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചെന്നാണ് സുധീറിന്‍റെ വിശദീകരണം. സുധീറിനെ ഭരണപക്ഷം രക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി. സുഹൈൽ,പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ മജിസ്‌ട്രേറ്റിന്‍റെ ചേംബറിലാണ് ഹാജരാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.
നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെയായതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് മാതാവ് ഫാരിസ പറഞ്ഞിരുന്നു.നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നതിന് പകരം അപമാനിക്കുകയാണ് സി.ഐ സുധീർ ചെയ്തത്. ആളുകളുടെ ജീവനെടുക്കുന്ന ഈ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഫാരിസ മീഡിയവണിനോട് പറഞ്ഞിരുന്നു.