'കുരങ്ങ് വസൂരിയില്‍ നേരിയ ആശ്വാസം' : സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവ്; വീണാജോർജ്
'എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കി'
Update: 2022-07-25 07:39 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗത്തിന് വ്യാപന ശേഷി കുറവാണെങ്കിലും ജാഗ്രത തുടരണം. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ നിലവിലെ പരിശോധന സൗകര്യത്തിന് പുറമേ ക്രമീകരണമൊരുക്കാൻ ശ്രമം നടക്കുന്നുണ്ട്.
14 ജില്ലകളിലും ഐസോലേഷൻ സൗകര്യമുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധനയും ഹെൽപ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുമായി സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് കണക്കുകളിൽ കേന്ദ്ര വിമർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് വീണാജോർജ് പറഞ്ഞു. കേരളം കൃത്യമായ കണക്കുകൾ നൽകുന്ന സംസ്ഥാനമാണെന്നും അവർ വ്യക്തമാക്കി.