മോൻസൻ മാവുങ്കലിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കലൂരിലെ വീട്ടിൽ മോഷണം നടന്നെന്നു പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൻ രംഗത്തെത്തിയിരുന്നു
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈ.എസ്.പി വൈ.ആർ റസ്റ്റത്തിന്റെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മോൻസൻ കോടതിയെ സമീപിച്ചിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിന്റെ മകൻ മനസ് മോൻസൻ രംഗത്തെത്തിയിരുന്നു. മാർച്ച് എട്ടിനു വീട്ടിൽ മോഷണം നടന്നുവെന്നാണു പറയുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുള്ളതായും എറണാകുളം നോർത്ത് പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഈ മാസം ആദ്യത്തിൽ പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രണ്ടാം പ്രതിയുമാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ആദ്യഘട്ട കുറ്റപത്രത്തിൽ മൂന്നുപേർ മാത്രമാണു പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി.
പുരാവസ്തു ഇടപാടിന്റെ ഭാഗമായി നിരവധി പേർ മോൻസനു നൽകിയ 25 ലക്ഷം രൂപയിൽനിന്നു പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്. ഇതിൽ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യമുണ്ടായതിനാൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
അടുത്ത കുറ്റപത്രത്തിൽ കൂടുതൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ലക്ഷ്മണയെയും അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തെ തുടർന്ന് ഇവരെയും വിട്ടയയ്ക്കുകയായിരുന്നു.
Summary: Antiquities scam accused Monson Mavunkal's house in Kaloor is being searched by crime branch