ഭക്ഷ്യവിഷബാധ: സംക്രാന്തിയിലെ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു

ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ മാസം ഹോട്ടൽ നഗരസഭ അടച്ചുപൂട്ടിയിരുന്നു. പിന്നീട് ക്രിസ്മസിന് തലേദിവസമാണ് വീണ്ടും ഹോട്ടൽ തുറന്നത്

Update: 2023-01-03 07:53 GMT
Advertising

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സ് മരിച്ചതിന് പിന്നാലെ കോട്ടയം സംക്രാന്തിയിലെ ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നു.  ഭക്ഷ്യവിഷബാധയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾ പോലീസിൽ പരാതി നൽകി. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു.

ഹോട്ടലിന്റെ അടഞ്ഞുകിടന്ന ഷട്ടറിൽ പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് ഹോട്ടൽ അടിച്ചുതകർത്തത്. ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ മാസം ഈ ഹോട്ടൽ നഗരസഭ അടച്ചുപൂട്ടിയിരുന്നു. പിന്നീട് ക്രിസ്മസിന് തലേദിവസമാണ് വീണ്ടും ഹോട്ടൽ തുറന്നത്. അതിന് പിന്നാലെയാണ് വീണ്ടും ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. ഏകദേശം 21ഓളം പേർക്ക് ഇവിടെ നിന്ന് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസമാണ് ഈ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മി(33) മരിച്ചത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യനില മോശമായ രശ്മി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട്  വെന്റിലറേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ നില മോശമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.



Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News