എം.എസ്.എഫ് പ്രവർത്തകർക്ക് കയ്യാമംവെച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
ടി.ടി അഫ്രീൻ, സി. ഫസീഹ് എന്നിവരാണ് പരാതി നൽകിയത്.
കോഴിക്കോട്: കൊയിലാണ്ടിയിൽ എം.എസ്.എഫ് പ്രവർത്തകർക്ക് പൊലീസ് കയ്യാമംവെച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും വിദ്യാർഥികൾ പരാതി നൽകി. ടി.ടി അഫ്രീൻ, സി. ഫസീഹ് എന്നിവരാണ് പരാതി നൽകിയത്. നീതി ലഭിക്കുവരെ നിയമപോരാട്ടം തുടരുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാർഥികളെയാണ് പൊലീസ് കയ്യാമമിട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് ബലമായി പിടിച്ച് ജീപ്പിൽ കയറ്റി, കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്.
വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോൾ കയ്യാമം വെക്കണമെന്ന മാർഗനിർദേശം അനുസരിച്ചാണ് കയ്യാമംവെച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ വൈദ്യപരിശോധന കഴിഞ്ഞ് തിരിച്ചുകൊണ്ടുവരുമ്പോഴും കയ്യാമംവെച്ചിരുന്നു എന്നാണ് വിദ്യാർഥികൾ പരാതിയിൽ ആരോപിക്കുന്നത്.