മുല്ലപ്പള്ളിയുടെ പടിയിറക്കം തോൽവിയുടെ ഉത്തരവാദിത്തമാകെ ചുമലിലേറ്റി നിരാശയോടെ
"ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. പ്രതിസന്ധികള്‍ കണ്ടിട്ടുണ്ട്. എനിക്കെന്‍റെ പാര്‍ട്ടിയാണ് ഏറ്റവും വലുത്"
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമമാകെ തലയിലേറ്റി നിരാശയോടെയാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. പരാജയപ്പെട്ട അധ്യക്ഷനെന്ന് പഴി കേൾക്കുമ്പോഴും മുല്ലപ്പള്ളിയുടെ ആത്മാർത്ഥതയിൽ ഒരു പ്രവർത്തകനും സംശയമുണ്ടാവില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പാപഭാരം മുഴുവൻ ചുമലിലേറ്റിയാണ് പടിയിറക്കം. അത് ഏറ്റെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ആദർശ രാഷ്ട്രീയക്കാരന് മടിയുമില്ല. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തുന്നവരാരും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പരിഭവം ഉള്ളിൽ ഉണ്ട്. അതാണ് ഒരിക്കൽ മുല്ലപ്പള്ളി പറഞ്ഞ് വെച്ചത്. വിജയത്തിന് ഒരുപാട് അവകാശികൾ ഉണ്ടാവും. പക്ഷേ പരാജയത്തിന് നാഥനുണ്ടാവില്ലെന്ന്. ആ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസിന് തൊട്ടതെല്ലാം പിഴച്ചു. ഉപതെരഞ്ഞെടുപ്പിൽ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റ് പോയി. അനായാസം ജയിച്ചു കയറുമെന്ന് വിചാരിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ അടിതെറ്റി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അപ്പുറവും ഇപ്പുറവും ഇരുത്തി പട നയിച്ചു. പക്ഷേ കണക്ക് കൂട്ടലുകൾ പിഴച്ചു. രാഷ്ട്രീയ അടവുകൾ പാളിയതോടെ തോറ്റ് തൊപ്പിയിടാനായിരുന്നു വിധി. അതിന്‍റെ അനന്തരഫലമായി ഈ പടിയിറക്കം. മുറിവേറ്റാണോ മടക്കമെന്ന് ചോദിച്ചാൽ മുല്ലപ്പള്ളി അത് പടിയിറങ്ങുമ്പോഴും അംഗീകരിച്ച് തരില്ല- "ഇതൊന്നും എനിക്ക് പ്രശ്നമല്ല. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. പ്രതിസന്ധികള്‍ കണ്ടിട്ടുണ്ട്. എനിക്കെന്‍റെ പാര്‍ട്ടിയാണ് ഏറ്റവും വലുത്".