ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: എഫ്ഐആറിൽ വധശ്രമം കൂടി ചേർത്ത് പൊലീസ്
ജിഷ്ണുവിനെ ആക്രമിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ക്രൂരമായി മർദിച്ച ശേഷം ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിന്റെ എഫ്ഐആറിൽ മാറ്റം വരുത്തി പൊലീസ്. ഐപിസി സെക്ഷൻ 307 പ്രകാരം വധശ്രമം കൂടി എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ജിഷ്ണുവിനെ മർദിച്ച ശേഷം വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വധശ്രമം കൂടി ചേർത്തത്.
ജിഷ്ണുവിനെ ആക്രമിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ക്രൂരമായി മർദിച്ച ശേഷം ജിഷ്ണുവിനെ വെള്ളത്തിൽ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കേസിൽ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.
പോസ്റ്റർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. എസ്ഡിപിഐ-ലീഗ് പ്രവർത്തകരാണ് മർദിച്ചതെന്നാണ് ജിഷ്ണു പറയുന്നത്. രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്.