മുതലപ്പൊഴി അഴിമുഖം മണൽ മൂടി; ഹാർബർ കൊല്ലത്തേക്ക് മാറ്റാൻ സർക്കാർ നീക്കം

ഇതുസംബന്ധിച്ച് ചർച്ച നടത്തി നടപടി സ്വീകരിക്കാൻ തിരുവനന്തപുരം, കൊല്ലം ജില്ലാ കലക്ടർമാർക്ക് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി.

Update: 2025-04-14 10:21 GMT
Muthalapozhi estuary covered in sand Government moves to shift harbor to Kollam
AddThis Website Tools
Advertising

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖം മണൽ മൂടിയതിനാൽ ഹാർബർ കൊല്ലത്തേക്ക് മാറ്റാൻ സർക്കാർ നീക്കം. നിലവിൽ മുതലപ്പൊഴി വഴി മത്സ്യബന്ധനത്തിന് പോവുന്ന മത്സ്യത്തൊഴിലാളികളെ കൊല്ലത്തെ ജോനകപ്പുറം, തങ്കശ്ശേരി ഹാർബറുകളിലേക്ക് ‌മാറ്റാനാണ് നീക്കം. ഇതുസംബന്ധിച്ച് ചർച്ച നടത്തി നടപടി സ്വീകരിക്കാൻ തിരുവനന്തപുരം, കൊല്ലം ജില്ലാ കലക്ടർമാർക്ക് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി.

ഇവർ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് അന്തിമ തീരുമാനമെടുക്കും. നിലവിൽ മുതലപ്പൊഴി പൂർണമായും മണൽ മൂടി അടഞ്ഞതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്ക് പോകാനോ വരാനോ ആവാത്ത സ്ഥിതിയാണ്. മണൽ പൂർണമായും നീക്കാൻ കാലതാമസമെടുക്കും.

അടുത്ത മൺസൂണിന് മുമ്പ് മണൽ നീക്കാനാവാത്ത സാഹചര്യത്തിലാണ് ഹാർബർ മാറ്റാമെന്ന ആലോചന വകുപ്പിലുണ്ടായത്. ഇക്കാര്യം സംബന്ധിച്ച് സ്ഥലം എംഎൽഎയും ജില്ലാ കലക്ടർമാരുമായും ഫിഷറീസ് മന്ത്രി സംസാരിച്ചു. താത്ക്കാലിക മാറ്റം മാത്രമായിരിക്കും ഇതെന്നും വകുപ്പ് പറയുന്നു. അതേസമയം, ഹാർബർ മാറ്റം സംബന്ധിച്ച് അന്തിമതീരുമാനത്തിലേക്ക് വകുപ്പ് എത്തിയിട്ടില്ല. പ്രാഥമിക ആലോചനയാണ് നടക്കുന്നത്.

എന്നാൽ ഹാർബർ മാറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. തങ്ങൾ ജനിച്ചുവളർന്ന, ഇത്രയും കാലം ജീവിച്ച നാട്ടിൽനിന്നും മറ്റൊരിടത്തേക്ക് പറിച്ചുനടാനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സിഐടിയു, ഐഎൻടിയുസി അടക്കമുള്ള മത്സ്യത്തൊഴിലാളി യൂണിയനുകൾ‍ പറയുന്നു. ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ തീരുമാനം പ്രായോ​ഗികമല്ലെന്നും ശാശ്വതപരിഹാരമാണ് വേണ്ടതെന്നും അവർ പറയുന്നു.

20,000ലേറെ വരുന്ന മത്സ്യത്തൊഴിലാളികളെ മുതലപ്പൊഴിയിൽ നിന്ന് എങ്ങനെ മാറ്റാനാവുമെന്ന് മുതലപ്പൊഴി അവകാശ സംയുക്ത സമരസമിതി നേതാവ് സുലൈമാൻ ചോദിച്ചു. അങ്ങനെ പോയാൽ അവിടെ സംഘർഷാവസ്ഥയുണ്ടാവും. ഇത് തെറ്റായ നീക്കമാണെന്ന് ഉദ്യോഗസ്ഥരോട് തങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News