'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു'; കളമശ്ശേരി സ്‌ഫോടനത്തിലെ ആരോപണത്തിൽ വിശദീകരണവുമായി എം.വി ഗോവിന്ദൻ

ഫലസ്തീൻ വിഷയത്തിൽ പാർട്ടിയ്ക്ക് എല്ലാക്കാലത്തും ഒരേ നിലപാടാണെന്നും ആരൊക്കെ ശരിയായ നിലപാട് സ്വീകരിച്ചാലും പിന്തുണ നൽകുമെന്നും എം.വി ഗോവിന്ദൻ

Update: 2023-10-31 11:53 GMT
Advertising

കളമശ്ശേരി സംഭവത്തിൽ താൻ പറഞ്ഞതിനെ പല രീതിയിൽ വ്യാഖ്യാനിച്ചെന്നും താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകർ വന്ന് ചോദിച്ചപ്പോഴാണ് വിഷയം ഗൗരവതരമാണെന്ന് താൻ മറുപടി പറഞ്ഞതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അന്ന് പറഞ്ഞ വാക്കുകൾ വായിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഫലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണോ സംഭവമുണ്ടായതെന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യമെന്നും രാഷ്ട്രീയമായി പരിശോധിച്ചാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദാരുണ സംഭവത്തിൽ ഗൗരവമുള്ള പരിശോധന നടത്തണമെന്നും സർക്കാർ ആവശ്യമായ നിലപാട് കർശനമായെടുക്കണമെന്നും താൻ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കെപിസിസി സൈബർ സെല്ലിന്റെ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നിയമപരമായി നേരിടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖരനെ കേസിൽ ഉൾപ്പെടുത്തിയില്ലെന്നത് വിചിത്രമാണെന്നും ഇവർ തമ്മിലുള്ള ചങ്ങാത്തം കൃത്യമായി മനസിലാകുന്നുണ്ടെന്നും ഗോവിന്ദൻ വിമർശിച്ചു.

നാടിന്റെയും ജനങ്ങളുടെയും താത്പര്യത്തിന് വിരുദ്ധമായ നിലപാടാണ് കളമശ്ശേരി സ്‌ഫോടനത്തിൽ സംഘപരിവാർ സ്വീകരിച്ചതെന്നും രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര മന്ത്രി നിരുത്തരവാദ പരമായ സമീപനം സ്വീകരിച്ചതിന്റെ ഉദ്ദേശം വർഗീയ ധ്രുവീകരണമാണെന്നും വർഗീയ കലാപത്തിനുള്ള നീക്കമായിരുന്നുവെന്നും പറഞ്ഞു. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ നീക്കം കുറെ കാലമായി നടക്കുന്നുവെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജീവ് ചന്ദ്രശേഖരൻ ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ലെന്നും കേരളത്തിൽ വരാനാണ് താത്പര്യമെന്നും പരിഹസിച്ചു. സമൂഹിക വികസനത്തിൽ സംഘപരിവാറിന് ഒരു പങ്കുമില്ലെന്നും പറഞ്ഞു.

ഫലസ്തീൻ വിഷയത്തിൽ പാർട്ടിയ്ക്ക് എല്ലാക്കാലത്തും ഒരേ നിലപാടാണെന്നും ആരൊക്കെ ശരിയായ നിലപാട് സ്വീകരിച്ചാലും പിന്തുണ നൽകുമെന്നും ഗോവിന്ദൻ ഓർമിപ്പിച്ചു. പി എം എ സലാം തന്നെ പിന്തുണച്ചതിനെ അംഗീകരിക്കുന്നുവെന്നും പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി നയമാണ് സംസ്ഥാനത്തിന്റേതെന്നും മറ്റാരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിൽ അത് പാർട്ടി നയമല്ലെന്നും സെക്രട്ടറി വ്യക്തമാക്കി.

ക്രിസ്തീയ ജനവിഭാഗം കേരളത്തിൽ സമാധാനമായി ജീവിക്കുകയാണെന്നും ഗുജറാത്തിലും മധ്യപദേശിലും ക്രിസ്ത്രീയ വേട്ട നടന്നുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ പള്ളികളിൽ നടന്ന അക്രമം പരിശോധിച്ചപ്പോൾ പിന്നിൽ ആർഎസ്എസ് ഉണ്ടെന്ന് മനസിലായെന്നും ഒരു വർഗീയതും പാർട്ടിയും സർക്കാരും അംഗീകരിക്കില്ലെന്നും ഒരു മതത്തിന്റെ പേര് പറഞ്ഞ് ഒരു അക്രമവും പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞു.

കളമശ്ശേരി സ്‌ഫോടനം അപലനീയമണെന്നും സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ഉള്ളിലിരുപ്പാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒറ്റക്കെട്ടായി നിന്നുവെന്നും ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് നിന്നുവെന്നും ചൂണ്ടിക്കാട്ടി.


Full View

MV Govindan explains the allegations in the Kalamassery blast

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News