'അതവരുടെ നിലപാട്, പല ആശയങ്ങളുള്ള നാടാണിത്'; സമസ്ത പെൺവിലക്കിൽ മന്ത്രി എംവി ഗോവിന്ദൻ

"ഒരു മതനിരപേക്ഷ സമൂഹത്തിന്റെ അകത്ത് മതനിരപേക്ഷ സമൂഹം മാത്രമാണ് നിലനിൽക്കുന്നത് എന്ന് ധരിക്കാൻ പാടില്ല"

Update: 2022-05-15 08:26 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: മതനിരപേക്ഷ ഉള്ളടക്കം നിലനിർത്തുമ്പോഴും പലവിധ ആശയങ്ങൾ കൈകാര്യം ചെയ്യുന്ന സമൂഹമാണ് കേരളത്തിന്റേതെന്ന് മന്ത്രി എംവി ഗോവിന്ദൻ. അതിനെ സഹിഷ്ണുതയോടു കൂടെ കാണാനുള്ള ജനാധിപത്യ ബാധ്യത എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. സമസ്ത പെൺവിലക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'ആരെങ്കിലും ഒരാളെടുത്ത നിലപാട് സമസ്തയുടെ നിലപാടായി കാണാനാകില്ല. നമുക്ക് നമ്മുടേതായ നിലപാടുണ്ട്. അതിന്റെ ഉള്ളടക്കം മതനിരപേക്ഷമാണ്. അതിനെ സഹിഷ്ണുതയോടു കൂടെ കാണാനുള്ള ജനാധിപത്യ ബാധ്യത എല്ലാവർക്കുമുണ്ട്. മതസംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവരോട് പ്രവർത്തിക്കേണ്ട എന്നല്ലല്ലോ പറയുന്നത്. മതനിരപേക്ഷതയ്ക്ക് കേളി കേട്ട കേരളത്തിലും തീവ്രവാദികളും വർഗീയ വാദികളുമുണ്ട്. വർഗീയ ആശയങ്ങൾക്ക് സ്വാധീനമുണ്ട്. ഒരു മതനിരപേക്ഷ സമൂഹത്തിന്റെ അകത്ത് മതനിരപേക്ഷ സമൂഹം മാത്രമാണ് നിലനിൽക്കുന്നത് എന്ന് ധരിക്കാൻ പാടില്ല. അതിന് എതിരായ ദിശയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അതിനെക്കൂടി നേരിട്ടു മാത്രമേ മതനിരപേക്ഷതയെ നിലനിർത്താൻ സാധിക്കൂ. പല ആശയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ആളുകൾ ജീവിക്കുന്ന നാടാണിത്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ പ്രസ്താവനയ്ക്കും സംസ്ഥാന സെക്രട്ടറിയറ്റ് കൂടി അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'സിപിഎമ്മിന്റെ നിലപാടുകൾക്ക് കൃത്യമായ വ്യക്തതയുണ്ട്. ഓരോരുത്തർ പറഞ്ഞത് അനുസരിച്ച്, അന്നേരം സംസ്ഥാന സെക്രട്ടറിയറ്റ് കൂടി പ്രഖ്യാപിക്കേണ്ട ഒരു കാര്യവുമില്ല. മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു മാത്രമേ മുമ്പോട്ടു പോകാനാകൂ. അതിന് എതിരായ കാര്യങ്ങൾ സ്വാഭാവികമായും ഉയർന്നു വരും. അതിനെ തുറന്നു കാണിച്ച് മുമ്പോട്ടു പോകണം.' - അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച 20,808 വീടുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു വാർത്താ സമ്മേളനം. പിണറായി സർക്കാറിന്റെ രണ്ടാം നൂറു ദിന കർമ പരിപാടിയിൽ ഇരുപതിനായിരം വീട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടുന്നത്. നിശ്ചിത സമയത്തിനകം 808 വീടുകൾ അധികം നിർമിച്ചു. ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകളിൽ കുടുംബങ്ങൾ താമസം ആരംഭിച്ചു- ഗോവിന്ദൻ പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News