തടിയന്റവിട നസീർ മുഖ്യപ്രതിയായ ബസ് കത്തിക്കൽ നടന്നത് കളമശ്ശേരിയിലാണ്, ഈ സ്‌ഫോടനവും അവിടെയാണ്- ടിവി ചർച്ചയിൽ എംവി നികേഷ് കുമാർ
ഒക്ടോബർ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നര മുതൽ നാലു മണി വരെയായിരുന്നു വിഷയത്തിലെ ചർച്ച.
കോഴിക്കോട്: തീവ്രവാദ പ്രവർത്തനത്തിന് മുന്നനുഭവമുള്ള ഇടമാണ് കളമശ്ശേരിയെന്നും അവിടെ നടന്ന സ്‌ഫോടനത്തിന് സവിശേഷതയുണ്ടെന്നും റിപ്പോർട്ടർ ടിവി ചാനൽ എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. സ്‌ഫോടനവുമായി ബന്ധപ്പെട്ട ചർച്ചയുടെ ഉപസംഹാരത്തിലായിരുന്നു നികേഷിന്റെ പരാമർശം. മുൻ പാർലമെന്റ് അംഗം സെബാസ്റ്റ്യൻ പോൾ, ദേശീയ അന്വേഷണ ഏജൻസിയിലെ റിട്ട. എസ്പി രാജ്‌മോഹൻ, യഹോവ സാക്ഷികളുടെ പ്രാദേശിക വക്താവ് ടി.എ ശ്രീകുമാർ എന്നിവരുമായി നടത്തിയ സംവാദത്തിന് ശേഷമായിരുന്നു നികേഷിന്റെ അഭിപ്രായ പ്രകടനം. ഒക്ടോബർ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നര മുതൽ നാലു മണി വരെയായിരുന്നു വിഷയത്തിലെ ചർച്ച.
'വളരെ പ്രധാനപ്പെട്ട ചരിത്ര പ്രാധാന്യമുള്ള ഒരിടമാണ് കൊച്ചിയിലെ മട്ടാഞ്ചേരി. കളമശ്ശേരിയാണ് എങ്കിൽ വേറൊരു തരത്തിൽ തീവ്രവാദ പ്രവർത്തനത്തിന് മുൻ അനുഭവമുള്ള ഇടമാണ്. തടിയന്റവിട നസീർ മുഖ്യപ്രതിയായ കളമശ്ശേരിയിലെ ബസ് കത്തിക്കൽ സംഭവം നടന്നത് ഇവിടെയാണ്. അവിടെത്തന്നെയാണ് ഇപ്പോൾ സ്‌ഫോടനം നടന്നിരിക്കുന്നത്.' - എന്നായിരുന്നു നികേഷിന്റെ വാക്കുകൾ.
2005 സെപ്തംബർ ഒമ്പതിന് നടന്ന കളമശ്ശേരി ബസ് കത്തിക്കൽ ചർച്ചയിൽ ആദ്യം സൂചിപ്പിച്ച് സെബാസ്റ്റ്യൻ പോളായിരുന്നു. 'ഈ സ്‌ഫോടനത്തിന് കളമശ്ശേരി തെരഞ്ഞെടുത്തു എന്നു പറയുമ്പോൾ യഹോവ സാക്ഷികളുടെ സാന്നിധ്യത്തിനപ്പുറത്തേക്ക് നമുക്ക് പഴയൊരു ഓർമ വരുന്നുണ്ട്. അവിടെയാണ് ഒരു തമിഴ്‌നാട് ബസ് കത്തിച്ചത്. അത് ഏതാണ്ട് ഈ പ്രദേശത്തിന് അടുത്തു തന്നെയായിരുന്നു.'- എന്നാണ് സെബാസ്റ്റ്യൻ പോൾ പറഞ്ഞത്. യഹോവ സാക്ഷികളെ ഈ ആക്രമണത്തിന് തെരഞ്ഞെടുത്തതിൽ അസ്വാഭാവികതയല്ലെന്നും ഇന്നത്തെ ലോകരാഷ്ട്രീയ സാഹചര്യങ്ങളിൽ അതിനൊരു ന്യായീകരണവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കൊച്ചി എന്നല്ല, മട്ടാഞ്ചേരി എന്ന പേരു തന്നെ ഉപയോഗിക്കണം. അവിടെയാണ് നാലര നൂറ്റാണ്ട് പഴക്കമുള്ള പ്രസിദ്ധമായ ജൂത സിനഗോഗ് ഉള്ളത്. വലിയൊരു ജൂത സമുദായവും ഉണ്ടായിരുന്നത് അവിടെയാണ്. അവിടെ തന്നെയാണ് മുസ്‌ലിംകളുടെ വൻതോതിലുള്ള കേന്ദ്രീകരണം ഉള്ള സ്ഥലവും. ജൂതന്മാരും മുസ്‌ലിംകളും സൗഹാർദപൂർവ്വമാണ് അവിടെ ജീവിച്ചിരുന്നത് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് അങ്ങനയല്ല, കാര്യങ്ങളിലൊക്കെ മാറ്റം വന്നിരിക്കുന്നു. ഈ സ്‌ഫോടനത്തിന് കളമശ്ശേരി തെരഞ്ഞെടുത്തു എന്നു പറയുമ്പോൾ യഹോവ സാക്ഷികളുടെ സാന്നിധ്യത്തിനപ്പുറത്തേക്ക് നമുക്ക് പഴയൊരു ഓർമ വരുന്നുണ്ട്. അവിടെയാണ് ഒരു തമിഴ്‌നാട് ബസ് കത്തിച്ചത്- അത് ഏതാണ്ട് ഈ പ്രദേശത്തിന് അടുത്തു തന്നെയായിരുന്നു. ആ രീതിയിൽ എന്തും സംഭവിക്കാൻ സാധ്യതയുണ്ട്. ജൂതന്മാരെ ആക്രമിക്കാൻ കിട്ടാത്തതു കൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള ഒരു വിദൂരമായ സാധ്യതയെങ്കിലുമുണ്ട് എന്ന രീതിയിലൊക്കെയുള്ള ശ്രദ്ധയും മുൻകരുതലും പൊലീസിനും ഉണ്ടാകേണ്ടതായിരുന്നു. യഹോവ സാക്ഷികളെ ഈ ആക്രമണത്തിന് തെരഞ്ഞെടുത്തതിൽ അസ്വാഭാവികതയല്ല. അതിന്നത്തെ ലോകരാഷ്ട്രീയ സാഹചര്യങ്ങളിൽ അതിനൊരു ന്യായീകരണവുമുണ്ട്.' - സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
അഭിമുഖത്തിന്റെ സംഗ്രഹം;
നികേഷ്‌കുമാർ: നമുക്ക് പശ്ചിമേഷ്യൻ സാഹചര്യം അറിയാം. യഹോവ സാക്ഷികളുടെ യോഗത്തിലാണ് സ്‌ഫോടനമുണ്ടായിട്ടുള്ളത്. അത് രണ്ടും ബന്ധിപ്പിക്കാൻ സാധിക്കുന്നുണ്ടോ താങ്കൾക്ക്?
സെബാസ്റ്റ്യൻ പോൾ: ഈ സ്‌ഫോടനമുണ്ടായ സമയം വളരെ അസ്ഥാനത്തായിപ്പോയി എന്ന് ആദ്യമേ പറയേണ്ടിയിരിക്കുന്നു. പല തരത്തിലുള്ള സംശയങ്ങൾക്ക് അത് ഇട നൽകിയിട്ടുണ്ട്- പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ ഫലസ്തീൻ പ്രശ്‌നം നടക്കുമ്പോൾ. കേരളം സജീവമായി ഇടപെടുന്ന വിഷയമാണ് പശ്ചിമേഷ്യ. ഫലസ്തീനികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ധാരാളം സമ്മേളനം നടക്കുന്നു. സമ്മേളനങ്ങൾ ഇല്ലെങ്കിലും ഇസ്രായേലുമായി മറ്റു രീതിയിൽ ഐക്യപ്പെട്ടു നിൽക്കുന്ന വലിയ വിഭാഗം ജനങ്ങളും ഇവിടെയുണ്ട്. ഇങ്ങനെയൊരു അവസ്ഥ കേരളത്തിൽ നിലനിൽക്കുമ്പോൾ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിൽ നടന്ന സ്‌ഫോടനം, ഞാൻ സാങ്കൽപ്പികമായി പറയുന്നതാണ്, അതുമായി നമുക്ക് ബന്ധപ്പെടുത്താൻ എളുപ്പമാണ്. കാരണം യഹോവ സാക്ഷികൾ ഒരു ക്രൈസ്ത വിഭാഗം അല്ല. അവർ യഹോവയിൽ മാത്രം വിശ്വസിക്കുന്നവരാണ്. ആ പേര് തന്നെ അതാണല്ലോ. അവർ രാഷ്ട്രത്തെയോ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തെയോ ഭരണഘടനയെയോ ഉള്ളു കൊണ്ട് അംഗീകരിക്കുന്നവരല്ല. അവരുടെ വിധേയത്വം യഹോവയോടാണ്. സ്വാഭാവികമായും യഹോവ എന്നു പറയുമ്പോൾ ജൂതന്മാരുടെ ദൈവമാണ്. ആ ദൈവത്തെയാണ് അവർ വണങ്ങുന്നത്. അതുകൊണ്ട് ജൂത സമുദായവുമായി അവർക്ക് മാനസികമായ ഐക്യമുണ്ടാകും. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ യഹോവ സാക്ഷികളുടെ നിലപാട് ഇസ്രായേലിന് ഒപ്പമായിരിക്കും. അത് സ്വാഭാവികമാണ്. അതുകൊണ്ട് ഒരു സ്‌ഫോടനം അവിടെ നടക്കുമ്പോൾ, അതിനു വേണ്ടി യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലം തന്നെ തെരഞ്ഞെടുത്തപ്പോൾ അത് വളരെ യാദൃച്ഛികമായി സംഭവിച്ച ഒന്നാണ് എന്നു കരുതാൻ നിവൃത്തിയില്ല. എനിക്ക് പ്രാഥമികമായി ഉണ്ടായ സംശയം പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് തന്നെയായിരിക്കണം ഈ സ്‌ഫോടനം. നമ്മൾക്ക് പലതും അനുമാനിക്കാൻ കഴിയും. എന്നാൽ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്തിച്ചേരാവുന്ന സന്ദർഭമല്ല ഇത്.
നികേഷ് കുമാർ: യഹോവ സാക്ഷികൾ ബൈബിളിനെയും ദൈവത്തെയും അംഗീകരിക്കുന്നവരാണ്. പക്ഷേ, ദൈവപുത്രനെ അംഗീകരിക്കുന്നില്ല. ജൂതന്മാരുടെയും യഹോവ സാക്ഷികളുടെയും ആരാധന പാരലലാണ്. അതുകൊണ്ടു ചില അനുമാനങ്ങളിലേക്ക് നമുക്ക് എത്താം. പക്ഷേ, അന്വേഷണം പൂർത്തിയാകാത്തതു കൊണ്ട് അങ്ങനെ പറയാൻ ആകാത്ത സ്ഥിതിയാണ്.
സെബാസ്റ്റ്യൻ പോൾ: അതെ, തീർച്ചയായും. അങ്ങനെത്തന്നെയാണു നമ്മൾ കരുതേണ്ടത്. ഏതു സ്ഫോടനത്തിനു പിന്നിലും അത് ആസൂത്രിതവും വളരെ ആലോചനയോടുകൂടിയും പണം ഉൾപ്പെടെ സമാഹരിച്ചുംവേണം നടത്താൻ. അങ്ങനെ പലരും ചേർന്ന് ആസൂത്രണം ചെയ്യുമ്പോൾ അതിനൊരു പർപ്പസ് ഉണ്ടാകും. വെറുതെയൊരു പടക്കം പൊട്ടിച്ച് രസിക്കുക എന്നുള്ളതല്ലല്ലോ.. ആ പർപ്പസ് എന്നത് ഇപ്പോൾ യഹോവ സാക്ഷികളുടെ സമ്മേളനവുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോൾ നമ്മുടെ ചിന്തകൾ ഫലസ്തീൻ വരെ നീണ്ടുപോകുന്നത് സ്വാഭാവികമാണ്.
നികേഷ്‌കുമാർ: ശ്രീ രാജ്‌മോഹൻ, ശ്രീകുമാർ പറഞ്ഞതനുസരിച്ച് (സമ്മേളനത്തിലേക്ക്) പുതിയ ആളുകൾക്ക് കടന്നുവരാം. വീട്ടിൽനിന്ന് ഫുഡ് പാക്കറ്റ് കൊണ്ടുവരാം. ലഞ്ച് ബോക്‌സിൽ ഒളിപ്പിച്ച രീതിയിലാണല്ലോ സാധാരണ ഗതിയിൽ ഇത്തരം ബോംബുകൾ സൂക്ഷിക്കുന്നത്. ഇങ്ങനെ ഒരു ബാഗ് അവിടെ വച്ചാൽ അങ്ങനെ പെട്ടെന്ന് സംശയിക്കാൻ കഴിയുന്ന വിധത്തില്ലല്ല ക്രമീകരണങ്ങൾ.
രാജ്‌മോഹൻ: ശരിയാണ് നികേഷ്, ഫുഡെല്ലാം പുറത്തുനിന്ന് കൊണ്ടുവരാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. യഹോവ സാക്ഷികളുടെ പരിപാടിയെ കുറിച്ച് ശരിക്ക് പഠിച്ച ശേഷമാണ് അവർ ഐഇഡി ഉപയോഗിച്ചിരിക്കുന്നത്. അതൊരു ഇൻവസ്റ്റിഗേഷന്റെ ഒരു ലീഡാണ്. ഇന്ത്യയിൽ പല ഭാഗത്തും ടിഫിൻ ബോക്‌സ് ബോംബുകൾ പൊട്ടിയിട്ടുണ്ട്. അങ്ങനെ പല സാധ്യതകളുണ്ട്. അത് ക്രോഡീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാർ മുമ്പോട്ടുകൊണ്ടുപോകണം. ആര് വരുന്നു എന്തു വരുന്നു എന്ന് മനസ്സിലാക്കാൻ പറ്റില്ല എന്നാണ് ഓർഗനൈസർ പറഞ്ഞത്. അതെല്ലാം അവരെ സഹായിച്ചുകാണും. എൻഐഎ ഒന്നോ രണ്ടോ ദിവസത്തിനകം ഈ കേസ് ഏറ്റെടുക്കും എന്നാണ് ഞാൻ കരുതുന്നത്. കാരണം, മുൻ എംപി പറഞ്ഞ പോലെ സിറ്റ്വേഷൻ അങ്ങനെയാണ്. പശ്ചിമേഷ്യൻ ഇഷ്യൂ, കേരളത്തിൽ അതുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുപരിപാടികൾ, മുൻ ഹമാസ് ഉദ്യോഗസ്ഥൻ വിർച്വലായി ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തിരിക്കുകയാണ്. ആ തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കേസ് എൻഐഎ അടിയന്തരമായി ഏറ്റെടുക്കണം. ലോക സാഹചര്യവും കേരളത്തിലെ പങ്കും മനസ്സിലാക്കി വേണം കേസ് അന്വേഷണം മുമ്പോട്ടുകൊണ്ടു പോകാൻ. അങ്ങനെയാണ് എങ്കിൽ ഒരു ലോജിക്കൽ കൺക്ലൂഷനിലെത്തി നമുക്ക് പ്രതികളെ പിടിക്കാൻ കഴിയും.
നികേഷ് കുമാർ (ശ്രീകുമാറിനോട്): ഒരു ഭീഷണി നിങ്ങൾ ആശങ്കപ്പെട്ടിരുന്നോ? നേരത്തെ ഡോ. സെബാസ്റ്റിയൻ പോൾ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകണമെന്നില്ല. ജൂതരുടെയും യഹോവ സാക്ഷികളുടെയും പ്രാർത്ഥന സമാനമാണ് എന്നു കണ്ടെത്തിയവർ കേരളത്തിൽ ഒരു സ്‌ഫോടനം നടത്താൻ ആലോചിക്കുമ്പോൾ, എന്നാൽ പിന്നെ വന്നു മുമ്പിൽപ്പെട്ടിരിക്കുന്നത് യഹോവ സാക്ഷികളാണ് എന്നു കണ്ടപ്പോ... കൊച്ചിയിലെ സ്ഥിതി നമുക്ക് അറിയാവുന്നതാണ്. കൊച്ചിയിൽ ജൂതന്മാർക്ക് പ്രത്യേക പ്രാർത്ഥനാലയങ്ങളുണ്ട്. ജൂതന്മാരുടെ പ്രാർത്ഥനാലയങ്ങൾ ലോകത്തു തന്നെ അപൂർവ്വമായി നിൽക്കുന്ന ഘട്ടത്തിൽ കൊച്ചിയിൽ അത് നില കൊണ്ടിരുന്നു. യഹോവ സാക്ഷികളെ കൈയിൽ കിട്ടിയപ്പോൾ ആ നിലയിലുള്ള ഒരു സ്‌ഫോടനം നടത്തിയതായിരിക്കുമോ?
ശ്രീകുമാർ: യഹോവയുടെ സാക്ഷികൾ ഒരു ക്രിസ്ത്യൻ വിഭാഗമാണ്. യഹോവ സത്യദൈവമാണെന്നും യേശു ദൈവത്തിന്റെ പുത്രനാണെന്നും വിശ്വസിക്കുന്ന മതവിഭാഗമാണ്. ജൂതന്മാരുടെ വിശ്വാസവുമായി യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിന് ഒരു ബന്ധവുമില്ല. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വിശ്വാസമാണ് യഹോവയുടെ സാക്ഷികൾക്കുള്ളത്. ലോകത്തുള്ള മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽനിന്നും വ്യത്യസ്തമായി ബൈബിളിനെ അടിസ്ഥാനപ്പെടുത്തി മാത്രമുള്ള ഒരു വിശ്വാസമാണ് യഹോവയുടെ സാക്ഷികൾ വച്ചു പുലർത്തുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് യഹോവയുടെ സാക്ഷികളോട് പ്രത്യേക മുൻവൈരാഗ്യമോ വിദ്വേഷമോ തോന്നണമെന്നില്ല. രാഷ്ട്രീയമായി ഞങ്ങൾ ന്യൂട്രലാണ്. ഏതെങ്കിലുമൊരു പാർട്ടിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. ദേശനിയമങ്ങൾക്ക് അതീതരല്ല യഹോവയുടെ സാക്ഷികൾ. മനഃസാക്ഷിപൂർവ്വമായി ചില കാര്യങ്ങളിൽ നിന്ന് അവർ വിട്ടുനിൽക്കുന്നുണ്ട്.
നികേഷ് കുമാർ (സെബാസ്റ്റ്യൻ പോളിനോട്): സ്ഥാനാർത്ഥിയെന്ന നിലയിൽ പല യഹോവ സാക്ഷികളെയും കാണാനുള്ള അവസരമുണ്ടായിട്ടുണ്ട്. അവർ വോട്ടു ചെയ്യില്ല. നമുക്ക് വിചിത്രം എന്നു തോന്നിയേക്കാവുന്ന നിലപാടാണ് അവർക്കുള്ളത്. യഹോവയെ ആണ് അവർ വണങ്ങുന്നത്. യഹോവ ജൂതന്മാരുടെ ദൈവമാണ്. അക്രമികൾക്ക് കിട്ടാവുന്ന സ്വാഭാവികമായ ഇരകളാണ് യഹോവ സാക്ഷികൾ. ദൈവശാസ്ത്രം പഠിച്ചാകില്ല ആക്രമണം. അങ്ങനെയൊരു ആക്രമണമുണ്ടാകുമെന്ന് നമ്മളാരും കരുതിയിരുന്നില്ല.
നികേഷ് കുമാർ: എന്താണ് യഹോവ സാക്ഷികൾ, എന്താണ് ജൂതന്മാർ എന്നതു സംബന്ധിച്ച് ഒരു വ്യക്തത വരുത്തിയല്ല തീവ്രവാദ നിലപാട് എടുക്കുന്നവർ, അവരെ സംബന്ധിച്ച് ദൈവശാസ്ത്രം പഠിച്ചിട്ടല്ലല്ലോ അവരീ പണിക്കിറങ്ങുന്നത്. ഇത്തരത്തിലുള്ള ബുദ്ധിശൂന്യരായ ആളുകൾ ഉണ്ടാകുമോ എന്ന് നിങ്ങൾക്ക് ബോധ്യമുണ്ടായിരുന്നോ, ആ നിലയിലുള്ള മുൻകരുതൽ എടുത്താണോ സമ്മേളനം നടത്തിയിരുന്നത്.
ശ്രീകുമാർ: ലോകമെമ്പാടും നടക്കുന്ന ഒരു കൺവൻഷൻ പരമ്പരയുടെ ഭാഗമാണ് ഇവിടെയും ഇത് സംഘടിപ്പിക്കപ്പെട്ടത്. ക്ഷമയോടെ കാത്തിരിക്കുക എന്നൊരു വിഷയത്തിന്മേൽ ലോകത്ത് ആറായിരത്തോളം കൺവൻഷനുകളാണ് സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ മാത്രം 74 കൺവൻഷനുകളുണ്ട്. കേരളത്തിൽ 13 എണ്ണമാണ് നടത്തപ്പെടുന്നത്. സെപ്തംബർ ഒന്നിനാണ് കേരളത്തിലെ പരമ്പര ആരംഭിച്ചത്. നവംബർ അവസാനം വരെയാണ് തുടരുന്നത്. എല്ലാവർഷവും ഇതു നടത്താറുണ്ട്. കോവിഡിൽ മാത്രമാണ് ഇത് നിർത്തിവച്ചത്. ഇങ്ങനെയൊരു ത്രട്ട് ഇതുവരെ ഉണ്ടായിട്ടില്ല. അതാരും പ്രതീക്ഷിച്ചിട്ടുമില്ല. പൊലീസ് ഞങ്ങൾക്ക് കൃത്യമായ പിന്തുണ നൽകാറുണ്ട്.
നികേഷ്‌കുമാർ: കൊച്ചി എങ്ങനെയാണ് ഇത്തരമൊരു സോ കോൾഡ് റിട്ടാലിയേഷനിലേക്കു പോകുന്നത് എന്നു പരിശോധന നടത്തിയാൽ, ഇസ്രായേലിന്റെ ചരിത്രത്തിൽ തന്നെ കൊച്ചിയുടെ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെങ്ങും ജൂതരെ ആട്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ നമ്മുടെ കൊച്ചിയിലാണ് യഥാർത്ഥത്തിൽ ജൂതർക്ക് കൊച്ചി രാജാവ് ഒരു പ്രാർത്ഥനാലയം നിർമിച്ചുകൊടുത്തിട്ടുള്ളത്. ആ നിലയിൽ അവർക്ക് വലിയ നിലയിലൊരു സംരക്ഷണവും നൽകിയിട്ടുള്ളത്. ജൂതസമൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെ കുറഞ്ഞ വിഭാഗം മാത്രമേയുള്ളൂ.
ഈ ലോക്സഭാ മണ്ഡലത്തിലെയും നിയമസഭാ മണ്ഡലത്തിലെയും പ്രതിനിധി എന്ന നിലയിൽ, പശ്ചിമേഷ്യയിൽ പലഘട്ടങ്ങളിൽ ജൂതരും ഫലസ്തീനികളും തമ്മിലുള്ള സംഘർഷമുണ്ടായിട്ടുണ്ടല്ലോ.. ആ ഘട്ടങ്ങളിലൊക്കെത്തന്നെയും കൊച്ചി ഒരു പ്രധാനപ്പെട്ട ഇടമായിരുന്നോ? അല്ലെങ്കിൽ അതെപ്പോഴും സങ്കീർണമായി തുടരുന്ന അവസ്ഥയുണ്ടായിരുന്നോ? നമ്മൾ ഇപ്പോൾ ജാഗ്രത പാലിക്കേണ്ടിയിരുന്നോ?
സെബാസ്റ്റ്യന്‍ പോൾ: കൊച്ചി എന്നല്ല, മട്ടാഞ്ചേരി എന്ന പേരു തന്നെ ഉപയോഗിക്കണം. അവിടെയാണ് നാലര നൂറ്റാണ്ട് പഴക്കമുള്ള പ്രസിദ്ധമായ ജൂത സിനഗോഗ് ഉള്ളത്. വലിയൊരു ജൂത സമുദായവും ഉണ്ടായിരുന്നത് അവിടെയാണ്. അവിടെ തന്നെയാണ് മുസ്‌ലിംകളുടെ വൻതോതിലുള്ള കേന്ദ്രീകരണം ഉള്ള സ്ഥലവും. ജൂതന്മാരും മുസ്‌ലിംകളും സൗഹാർദപൂർവ്വമാണ് അവിടെ ജീവിച്ചിരുന്നത് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് അങ്ങനയല്ല, കാര്യങ്ങളിലൊക്കെ മാറ്റം വന്നിരിക്കുന്നു. ഈ സ്‌ഫോടനത്തിന് കളമശ്ശേരി തെരഞ്ഞെടുത്തു എന്നു പറയുമ്പോൾ യഹോവ സാക്ഷികളുടെ സാന്നിധ്യത്തിനപ്പുറത്തേക്ക് നമുക്ക് പഴയൊരു ഓർമ വരുന്നുണ്ട്. അവിടെയാണ് ഒരു തമിഴ്‌നാട് ബസ് കത്തിച്ചത്- അത് ഏതാണ്ട് ഈ പ്രദേശത്തിന് അടുത്തു തന്നെയായിരുന്നു. ആ രീതിയിൽ എന്തും സംഭവിക്കാൻ സാധ്യതയുണ്ട്. ജൂതന്മാരെ ആക്രമിക്കാൻ കിട്ടാത്തതു കൊണ്ട് യഹോവയുടെ പേരിൽ സമ്മേളിക്കുന്നവരെ ആക്രമിക്കാനുള്ള ഒരു വിദൂരമായ സാധ്യതയെങ്കിലുമുണ്ട് എന്ന രീതിയിലൊക്കെയുള്ള ശ്രദ്ധയും മുൻകരുതലും പൊലീസിനും ഉണ്ടാകേണ്ടതായിരുന്നു. യഹോവ സാക്ഷികളെ ഈ ആക്രമണത്തിന് തെരഞ്ഞെടുത്തതിൽ അസ്വാഭാവികതയല്ല. അതിന്നത്തെ ലോകരാഷ്ട്രീയ സാഹചര്യങ്ങളിൽ അതിനൊരു ന്യായീകരണവുമുണ്ട്.
നികേഷ് കുമാർ: ജ്യൂയിഷ് സിനഗോഗിന് സ്വാഭാവികമായി എല്ലാ ഘട്ടത്തിലും സംരക്ഷണമുണ്ടാകും. ഇപ്പോൾ കൂടുതലുണ്ടാകും. എന്നാൽ യഹോവ സാക്ഷികളുടെ കാര്യത്തിൽ അങ്ങ് ചൂണ്ടിക്കാണിച്ച, പ്രവർത്തനം നടത്തുന്നവരെ സംബന്ധിച്ച് മുഴുവൻ ദൈവശാസ്ത്രവും പഠിച്ചല്ല. ഒരു സന്ദേശം കൊടുക്കുക എന്ന കൃത്യമായ ലക്ഷ്യമുണ്ടാകും. അതിന് പ്ലാനിങ് വേണം. ഹൈ ലവൽ പ്ലാനിങ് ആ നിലയിൽ നടന്നു. നമ്മുടെ കൺമുമ്പിൽ കാണാത്ത നിലയിൽ ഒരു ഷാഡോ പ്രവർത്തനം ഇവിടെ എല്ലാ ഘട്ടത്തിലും നടക്കുന്നുണ്ട്. നല്ല രീതിയിലുള്ള ആലോചനകൾ നടക്കുന്നുണ്ട്. അതിന് അനുസരിച്ച് പ്രവർത്തിക്കാൻ ആളെ കിട്ടുന്നുണ്ട്.
സെബാസ്റ്റ്യൻ പോൾ: തീർച്ചയായും, നമ്മുടെ അനുഭവം അതാണല്ലോ. ഭീകര പ്രവർത്തനത്തിൽ ബോംബ് സ്‌ഫോടനം മാത്രമല്ല, അതല്ലാതെയുള്ള അനാശ്യാസ പ്രവർത്തനങ്ങളുണ്ട്. ലഹരിക്കടത്തുണ്ട്. അതിനെല്ലാം ആളെ കിട്ടുന്ന ഇടമായി കൊച്ചി മാറിയിട്ടുണ്ട്. വലിയൊരു അധോലോകം കൊച്ചിയിലുണ്ട്. അതുകൊണ്ടു തന്നെ കൊച്ചിയിൽ പ്രത്യേക ഇന്റലിജൻസിന്റെ ആവശ്യമുണ്ട്.
അങ്ങനെയുള്ള അവസ്ഥയിൽ കൊച്ചിയിൽ പ്രത്യേകമായൊരു ഇന്റലിജൻസ് ശ്രദ്ധ വേണ്ടതുണ്ട്. ഈ വിഷയത്തിൽ ഇന്റലിജൻസിന് അങ്ങനെയൊരു ശ്രദ്ധ ഉണ്ടായിരുന്നോ, അതിൽ എന്തെങ്കിലും പാകപ്പിഴവുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസ് തന്നെയാണ്. ഇനിയുള്ള മണിക്കൂറുകളിൽ കൂടുതൽ വിവരം ലഭിക്കുമെന്നു കരുതാം. പക്ഷെ, ഒരു ആഗോളവാർത്തയാകത്തക്കെയുള്ള ഇന്നത്തെ ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ ഇതു സംഭവിച്ചിരിക്കുന്നത്.
നികേഷ് കുമാർ: വളരെ പ്രധാനപ്പെട്ട ചരിത്ര പ്രാധാന്യമുള്ള ഒരിടമാണ് കൊച്ചിയിലെ മട്ടാഞ്ചേരി. കളമശ്ശേരിയാണ് എങ്കിൽ വേറൊരു തരത്തിൽ തീവ്രവാദ പ്രവർത്തനത്തിന് മുൻ അനുഭവമുള്ള ഇടമാണ്. തടിയന്റവിട നസീർ മുഖ്യപ്രതിയായ കളമശ്ശേരിയിലെ ബസ് കത്തിക്കൽ സംഭവം നടന്നത് ഇവിടെയാണ്. അവിടെത്തന്നെയാണ് ഇപ്പോൾ സ്‌ഫോടനം നടന്നിരിക്കുന്നത്.