കരിന്തളം കോളജിന്റെ പരാതിയിൽ വിദ്യയെ അറസ്റ്റ് ചെയ്യാനൊരുങ്ങി നീലേശ്വരം പൊലീസ്
അട്ടപ്പാടി കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മണ്ണാർക്കാട് കോടതി വിദ്യയെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു.
കാസർകോട്: വ്യാജരേഖാ കേസിൽ കാസർകോട് കരിന്തളം കോളജിന്റെ പരാതിയിൽ കെ.വിദ്യയെ അറസ്റ്റ് ചെയ്യാനൊരുങ്ങി നീലേശ്വരം പൊലീസ്. ഇതിനായി നാളെ മണ്ണാർക്കാട് കോടതിയിൽ അപേക്ഷ നൽകും. വിദ്യ കരിന്തളം ഗവൺമെന്റ് കോളജിൽ 2022 ജൂൺ മുതൽ 2023 മാർച്ച് വരെ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇതിനായി ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയിരുന്നത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാജാസ് കോളജ് വ്യക്തമാക്കിയതോടെ ജൂൺ ഏഴിനാണ് കരിന്തളം കോളജ് കൗൺസിൽ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
അട്ടപ്പാടി കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മണ്ണാർക്കാട് കോടതി വിദ്യയെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ബുധനാഴ്ച രാത്രി മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്ന നിലപാട് തന്നെയാണ് വിദ്യ കോടതിയിൽ പറഞ്ഞത്. രാഷ്ട്രീയ വൈരാഗ്യമൂലം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അധ്യാപികയായ വിദ്യയോട് തീവ്രവാദക്കേസിലെ പ്രതിയെപ്പോലെയാണ് പെരുമാറുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.