നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമര പിടിയിൽ
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ചെന്താമര പിടിയിലായിരിക്കുന്നത്.


പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ചെന്താമര പിടിയിലായിരിക്കുന്നത്. വീടിന്റെ അടുത്ത് നിന്നാണ് ചെന്താമരയെ പിടികൂടിയത് എന്ന് പാലക്കാട് എസ്പി അജിത്കുമാർ പറഞ്ഞു. ചെന്താമര ക്ഷീണിതനായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായതെന്നും എസ്പി പറഞ്ഞു.
വൈകുന്നേരം മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ചെന്താമരക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
ചെന്താമരയെ പിടികൂടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ ജനക്കൂട്ടം നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെത്തി. പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ പൊലീസ് നാട്ടുകാർക്ക് നേരെ ലാത്തി വീശി. പൊലീസ് സ്റ്റേഷന്റെ ഗെയ്റ്റ് തള്ളിത്തുറന്നാണ് നാട്ടുകാർ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കയറിയത്.രാഷ്ട്രീയപ്പാർട്ടി നേതാക്കൾ അടക്കം എത്തി നാട്ടുകാരെ തിരിച്ചയക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിലവിൽ ചെന്താമര നെന്മാറ സ്റ്റേഷനിലാണുള്ളത്.