'മായില്ലൊരിക്കലും'; കന്നാസിന് വിട പറഞ്ഞ് കടലാസ്
കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും എന്ന കഥാപാത്രങ്ങള്‍ മലയാളി മനസിൽ ഇന്നും തങ്ങിനിൽക്കുന്നതാണ്
അന്തരിച്ച നടൻ ഇന്നസെന്‍റിനെ അനുസ്മരിച്ച് നടൻ ജഗതിശ്രീകുമാർ. മായില്ലൊരിക്കലും എന്ന കുറിപ്പോടെയാണ് ജഗതിയും ഇന്നസെന്‍റും ദിലീപും നിൽക്കുന്ന ചിത്രം അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ നർമരംഗങ്ങളിൽ ഒഴിച്ചുകുടാനാകാത്ത കോമ്പിനേഷനാണ് ഇരുവരുടെയും.
കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും എന്ന കഥാപാത്രങ്ങള്‍ മലയാളി മനസിൽ ഇന്നും തങ്ങിനിൽക്കുന്നതാണ്. പൈബ്രദേഴ്സിലേയും ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കത്തിലേയും സ്നേഹമുള്ള സഹോദരൻമാരായും മിഥുനത്തിൽ ശത്രുക്കളായും ജഗതിയും ഇന്നച്ചനും മലയാളികള്‍ക്കുള്ളിൽ തെളിഞ്ഞുനിന്നു. നന്ദനം, തുറുപ്പുഗുലാൻ, നരൻ, കോട്ടയം കുഞ്ഞച്ചൻ, ഉടയോൻ, ഉദയപുരം സുൽത്താൻ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്.
കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഒരുമണി വരെയാണ് സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.
ന്യൂമോണിയ ബാധിച്ച് ഈ മാസം നാലിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.
രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു.