എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകൾ തൃശൂർപൂരത്തെയടക്കം പ്രതികൂലമായി ബാധിക്കും; കേന്ദ്രത്തിന് കത്തയക്കാൻ മുഖ്യമന്ത്രി

ഒക്ടോബർ 11നാണ് എക്സ്പ്ലോസീവ് ആക്ടിൽ ചില മാറ്റങ്ങൾ വരുത്തി 33 പുതിയ ഭേദഗതികളുമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

Update: 2024-10-23 16:51 GMT
Advertising

തിരുവനന്തപുരം: എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് ഉത്കണ്ഠ രേഖപ്പെടുത്തി മന്ത്രിസഭായോഗം. വ്യവസ്ഥകൾ തൃശൂർ പൂരത്തെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രിസഭായോ​ഗം വിലയിരുത്തി. വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കും.

ഒക്ടോബർ 11നാണ് എക്സ്പ്ലോസീവ് ആക്ടിൽ ചില മാറ്റങ്ങൾ വരുത്തി 33 പുതിയ ഭേദഗതികളുമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2018ൽ തയാറാക്കിയ കരടിന് അംഗീകാരം നൽകിയായിരുന്നു ഇത്തരമൊരു നടപടി. വെടിമരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കരിമരുന്ന് പ്രയോഗം നടക്കുന്ന സ്ഥലത്തേക്ക് കുറഞ്ഞത് 200 മീറ്ററെങ്കിലും ദൂരപരിധി വേണമെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ.

ഇത് പാലിക്കപ്പെട്ടാൽ സംസ്ഥാനത്തെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരമടക്കമുള്ളവയിൽ കരിമരുന്ന് പ്രയോഗം നടത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇത് രാഷ്ട്രീയവും സാമൂഹികവുമായി ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന മന്ത്രിസഭ ഇക്കാര്യം വളരെ ഗൗരവത്തോടെ സമീപിക്കുകയും ഇന്നത്തെ യോഗത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തത്.

കൂടാതെ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചും വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും നടക്കാറുണ്ട്. അതെല്ലാം പൂർണമായും തടസപ്പെടുന്ന സാഹചര്യത്തിലേക്ക് പോവുകയും ജനങ്ങളിൽനിന്ന് വലിയ എതിർപ്പുണ്ടാവുകയും ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പുതിയ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെടുകയും മന്ത്രിമാരടക്കം എതിർപ്പറിയിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ അനുകൂല ഇടപെടലുണ്ടായില്ല. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് കേന്ദ്രം നിലപാടിലുറച്ചു നിൽക്കുന്നത്. ഇതോടെയാണ് കുറേക്കൂടി ഗൗരവത്തിൽ വിഷയം കേന്ദ്രത്തെ അറിയിക്കാനും ഉത്കണ്ഠ അറിയിക്കാനും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കാനുള്ള തീരുമാനം.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News