എഡിഎമ്മിന്റെ മരണം: കലക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന നിലപാടിൽ റവന്യൂ മന്ത്രി; പരിപാടികൾ മാറ്റി

നവീൻ ബാബുവിനെ അനുകൂലിച്ച് മന്ത്രി നേരത്തെ രം​ഗത്തെത്തിയിരുന്നു.

Update: 2024-10-23 13:25 GMT
Advertising

കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യയിൽ ആരോപണവിധേയർക്കെതിരെ അതൃപ്തി മാറാതെ റവന്യൂ മന്ത്രി കെ. രാജൻ. കണ്ണൂർ കലക്ടർക്കൊപ്പം വേദി പങ്കിടാനില്ലെന്ന് നിലപാടിലാണ് മന്ത്രി. കണ്ണൂരിൽ നാളെ നടക്കേണ്ട മൂന്നു പരിപാടികൾ മാറ്റി. കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് മാറ്റിയത്.

പട്ടയമേളകളിൽ അതാതു ജില്ലാ കലക്ടർമാരാണ് അധ്യക്ഷത വഹിക്കുക. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മന്ത്രി തീരുമാനിച്ചത്. എന്നാൽ നാളെ തന്നെ നടക്കുന്ന മുണ്ടേരി സ്കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തിൽ മന്ത്രി പങ്കെടുക്കും. ഈ പരിപാടിയിൽ കലക്ടർ പങ്കെടുക്കുന്നില്ല.

നവീൻ ബാബുവിനെ അനുകൂലിച്ച് മന്ത്രി കെ. രാജൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. സർവീസിലെ മികച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നവീൻ ബാബുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. കലക്ടറെ മാറ്റണമെന്ന നിലപാടാണ് സിപിഐയും സർവീസ് സംഘടനകളും സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് കലക്ടർക്കൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന് മന്ത്രി തീരുമാനിച്ചത്.

എന്നാൽ, എഡിഎം മരിച്ച ദിവസം തന്നെ പരിപാടികൾ മാറ്റാൻ നിർദേശം നൽകിയതാണെന്നും കലക്ടറുമായി മന്ത്രിക്ക് നല്ല ബന്ധമെന്നും മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പി.പി ദിവ്യ ഉൾപ്പടെയുള്ളവരെ ‌‌അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News