നിപ: കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിനെതിരെ വ്യാജസന്ദേശം; പരാതി നൽകി
ഇഖ്‌റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞു പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കോഴിക്കോട്: മലാപറമ്പ് ഇഖ്‌റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞു പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരെ ഇഖ്‌റ ഹോസ്പിറ്റല്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും എത്തിച്ച രോഗികളുടെ ഡിസ്ചാര്‍ജ്ജ് കാര്‍ഡില്‍ രണ്ടുദിവസമായി പനിയും ഛര്‍ദ്ദിയും ഉണ്ടെന്നും എന്‍സഫലൈറ്റിസ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തന്നെ അനൗദ്യോഗിക വിവരമാണെന്നും വോയ്‌സില്‍ പറയുന്നു.
തൊട്ടില്‍പാലം സ്വദേശിയുടെ നമ്പറില്‍ നിന്നാണ് ശബ്ദസന്ദേശം വന്നത് എന്ന് പരിശോധനയില്‍ മനസ്സിലായതായും ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. ഇതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അസത്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. കള്ളപ്രചാരണം നടത്തി ആശുപത്രിയെ താറടിച്ചുകാണിക്കാനുള്ള നീക്കമാണ് ഇതെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.