എൻ.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണനെതിരെ അന്വേഷണം എന്തിനെന്ന് കെ സുധാകരൻ
അത് പാർട്ടി കാര്യമല്ലെയെന്നും പ്രതികരണം
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
അത് പാർട്ടികാര്യം അല്ലെയെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം, എൻ.എം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷൻ പറഞ്ഞിരുന്നു. കത്ത് വായിച്ചിട്ടില്ലെന്നും പുറത്ത് വന്ന വിവരങ്ങൾ ഗൗരവകരമെന്നും കെ. സുധാകരൻ പറഞ്ഞു.
'കെപിസിസി ഇടപെടേണ്ട വിഷയമാണെങ്കിൽ നിശ്ചയമായും ഇടപെട്ടിരിക്കും. ഏത് കൊമ്പത്ത് ഇരിക്കുന്നയാളായാലും പാർട്ടി വിരുദ്ധനടപടി ഉണ്ടായെങ്കിൽ അന്വേഷണവും തുടർനടപടിയും ഉണ്ടാകും. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വൈകാതെ റിപ്പോർട്ടിലുള്ള കാര്യങ്ങൾ പഠിച്ച് വേണ്ട നടപടി സ്വീകരിക്കും' -കെ. സുധാകരൻ പറഞ്ഞു
എൻ.എം വിജയനെഴുതിയ കത്ത് ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിരുന്നു. രണ്ടുദിവസം മുമ്പ് പറവൂരിലെ ഓഫീസിൽ കത്ത് കിട്ടിയെന്നും സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. എൻ.എം വിജയന്റെ കുടുംബം കാണാൻ വന്നപ്പോൾ അവരുടെ കൂടെയിരുന്ന് കത്ത് വിശദമായി വായിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കള്ളം പറയുകയാണെന്ന് എൻ.എം വിജയന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി സതീശൻ്റെ പ്രതികരണം. തന്റെ മുമ്പിൽ നിന്നാണ് കെ. സുധാകരൻ കത്ത് വായിച്ചതെന്ന് എൻ.എം വിജയന്റെ മകൻ വിജേഷ് പറഞ്ഞിരുന്നു. വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്ന തരത്തിലാണ് വി.ഡി സതീശൻ സംസാരിച്ചതെന്നും എംഎൽഎയും ഡിസിസി പ്രസിഡന്റും വ്യക്തികൾ മാത്രമാണോ എന്നും പാർട്ടിക്ക് ഉത്തരവാദിത്തം ഇല്ലേയെന്നുമായിരുന്നു എൻ.എം വിജയന്റെ കുടുംബം ചോദിച്ചിരുന്നത്.
കത്ത് കിട്ടിയിട്ടില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് വി.ഡി സതീശൻ പറഞ്ഞു. 'രണ്ടുദിവസം മുമ്പ് പറവൂരിലെ ഓഫീസിൽവച്ച് കത്ത് കിട്ടിയിരുന്നു. ഇപ്പോഴാണ് സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ആത്മഹത്യ ചെയ്ത ആളുടെ മകന്റെ മുന്നില്‍ ഇരുന്നാണ് ആ കത്ത് വായിച്ചത്. കത്തിലെ ചില ഭാഗങ്ങൾ മനസ്സിലാകുന്നില്ല. അതുകൊണ്ട് അതിൽ വ്യക്തത വേണം എന്നാണ് പറഞ്ഞത്. കത്തിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.' -വി.ഡി സതീശൻ പറഞ്ഞു.
ഡിസിസി ട്രഷറർ എൻ.എം വിജയന്റെ അവസാന കുറിപ്പുകൾ കൂടി പുറത്തുവന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് വയനാട്ടിലെ കോൺഗ്രസ് പാർട്ടിയും പ്രധാന നേതാക്കളും. എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം കടുപ്പിച്ചു. കത്തിന്റെ വെളിച്ചത്തിൽ കേസിൽ പൊലീസ് കൂടുതൽ വകുപ്പുകൾ ചേർത്തേക്കും. നേതാക്കളെ ചോദ്യംചെയ്യാൻ സാധ്യതയേറുമ്പോൾ ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ പ്രതിരോധവും ദുർബലമാണ്.
വാർത്ത കാണാം-