ഒരു ചാനലിനെയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ല; വിശദീകരണവുമായി രാജ്ഭവൻ
അഭിമുഖം ചോദിച്ചവരെ ഒരുമിച്ച് ക്ഷണിച്ചതാണെന്നും അത് ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
തിരുവനന്തപുരം: മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ്ഭവൻ. ഒരു ചാനലിനെയും വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയിട്ടില്ല. അഭിമുഖം ചോദിച്ചവരെ ഒരുമിച്ച് ക്ഷണിച്ചതാണെന്നും അത് ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നുമാണ് രാജ്ഭവന്റെ വിശദീകരണം. അതേസമയം മീഡിയവൺ അഭിമുഖത്തിന് സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
കഴിഞ്ഞ ദിവസം ഗവർണറുടെ വാർത്താസമ്മേളനത്തിൽ മീഡിയവൺ, കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ എന്നീ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. വി.സി വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഗവർണർ ആക്ഷേപിക്കുകയും ചെയ്തു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ആക്ഷേപം. കേഡർമാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നുമായിരുന്നു ഗവർണർ പറഞ്ഞത്. ഇതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും ഏതാനും ചാനലുകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
#KeralaRajBhavan had not "barred any channel from Press Meet" as some reports allege.Mediapersons who requested for interview on 24 Oct were invited at a common time, due to paucity of time. This interaction was misunderstood by some as "Press conference":PRO, KeralaRajBhavan
— Kerala Governor (@KeralaGovernor) October 25, 2022