നിപ വൈറസ് വ്യാപന ആശങ്ക ഒഴിയുന്നു; കോഴിക്കോട്ട് മൂന്നാം ദിവസവും കേസുകൾ റിപ്പോർട്ട് ചെയ്തില്ല
ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്
കോഴിക്കോട്: നിപ വൈറസ് വ്യാപന ആശങ്ക ഒഴിയുന്നു.തുടർച്ചയായ മൂന്നാം ദിവസവും കോഴിക്കോട്ട് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തില്ല . ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു.
ഇന്നലെ പുറത്തു വന്ന ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട 71 സാമ്പിളുകളുടെ ഫലവും നെഗറ്റിവായി.ഇതോടെ ഇതുവരെ 212 സ്രവസാമ്പിളുകളുടെ ഫലം നെഗറ്റീവായി. ഇതില്‍ കൂടുതലും ഹൈറിസ്ക് വിഭാഗത്തിലുള്ളതായിരുന്നു.നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 1270 പേരാണ് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത്. പരിശോധനയ്ക്കായി ശേഖരിച്ച 136 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം ജില്ലയിലെത്തി. സംഘം പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ചിഞ്ചു റാണിയുമായി ചർച്ച നടത്തി.വനംവകുപ്പിന്‍റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെയും സഹായത്തോടെ നിപ സ്ഥിരീകരിച്ച മേഖലകളിലെ വളർത്തുമൃഗങ്ങൾ, പന്നികൾ, വവ്വാലുകൾ എന്നിവയിൽ നിന്നും വിദഗ്ധ സംഘം സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി.
അതേസമയം നിപ നിയന്ത്രണ വിധേയമാകുന്നതിന്‍റെ ഭാഗമായി വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ കണ്ടൈൻമെന്‍റ് സോണുകളിൽ ഇളവുകൾ അനുവദിച്ചു.ഇവിടങ്ങളിൽ എല്ലാ കടകളും രാത്രി 8 മണി വരെയും ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടു മണി വരെയും പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാം. മാസ്ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതും ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുമാണ്. മറ്റു നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.