'നൈറ്റ് ലൈഫിനോട് എതിര്‍പ്പില്ല'; കോഴിക്കോട് മേയറെ തള്ളി ഡിവൈഎഫ്ഐ
കോവൂർ റോഡിൽ രാത്രി കടകൾ അടക്കണമെന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല

കോഴിക്കോട്: നൈറ്റ് ലൈഫിന് തടയിടണമെന്ന കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്‍റെ പരാമർശത്തെ തള്ളി ഡിവൈഎഫ്ഐ. നൈറ്റ് ലൈഫിനോട് എതിർപ്പില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കോവൂർ റോഡിൽ രാത്രി കടകൾ അടക്കണമെന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല. രാത്രി സ്ഥാപനങ്ങളുടെ മറവിൽ ലഹരി ഇടപാട് നടക്കുന്ന സാഹചര്യം ഒഴിവാക്കണം. കോവൂരിൽ ഉണ്ടായത് പ്രാദേശിക പ്രശ്നമെന്നും സനോജ് മീഡിയവണിനോട് വ്യക്തമാക്കി.
കോവൂർ ഇരിങ്ങാടൻ പള്ളിയിലെ നൈറ്റ് ലൈഫിന് തടയിടണമെന്ന് ബീനാ ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു. നൈറ്റ് ലൈഫ് നമ്മുടെ രാജ്യത്തിനു അത്ര പറ്റില്ല എന്നാണ് ഇതിലൂടെ മനസിലാക്കുന്നത് . കുട്ടികളൊക്കെ നുണ പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതെന്നുമാണ് മേയര്‍ പറഞ്ഞത്.
കോവൂർ ഇരിങ്ങാടൻ പള്ളി സംഘർഷത്തിൽ കച്ചവടക്കാർക്കെതിരെയും മേയര്‍ രംഗത്തുവന്നിരുന്നു .രാത്രി കാല കച്ചവടങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ അല്ല ഇവർക്ക് ലൈസൻസ് നൽകുന്നത്. കേന്ദ്രസർക്കാരിന്‍റെ ഉദ്യം രജിസ്ട്രേഷൻ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്‍റെ മറവിൽ ചെറുപ്പക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . നാട്ടുകാരും പൊലീസും ലഹരി ഉപയോഗത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.