ഭരണത്തിലെ കെടുകാര്യസ്ഥത; കോട്ടയം നഗരസഭയില്‍ അവിശ്വാസ പ്രമേയവുമായി എല്‍.ഡി.എഫ്
ഇടത് കൗണ്‍സിലറായ ഷീജാ അനിലിന്‍റെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്.
കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരെ അവിശ്വാസവുമായി എല്‍.ഡി.എഫ്. ഭരണത്തിലെ കെടുകാര്യസ്ഥതയും അഴമതിയും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. തദ്ദേശ സ്വയംഭരണ വകുപ്പ് റീജ്യണല്‍ ജോയിന്‍റ് ഡയറക്ടര്‍ക്ക് ഇടത് കൗണ്‍സിലറായ ഷീജാ അനിലിന്‍റെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് യു.ഡി.എഫ് പറയുന്നത്. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയത്തെ ചെറുത്ത് തോല്‍പ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
സ്വതന്ത്രയായി ജയിച്ച ബിന്‍സി പിന്തുണ നല്‍കിയതോടെയാണ് ഭരണം യു.ഡി.എഫിന് ലഭിച്ചത്. ആകെ 52 സീറ്റുകളുള്ള നഗരസഭയില്‍ എല്‍.ഡി.എഫിന് 22 സീറ്റും യു.ഡി.എഫിന് 21 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് എട്ട് സീറ്റുകളും ഉണ്ട്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.