ഓണം സ്പെഷ്യൽ ഡ്രൈവ്: സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകൾ
802 മയക്കുമരുന്ന് കേസുകളിലായി 824 പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകൾ. 802 മയക്കുമരുന്ന് കേസുകളിലായി 824 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിനെതിരായ പ്രത്യേക പരിശോധന നവംബർ ഒന്നുവരെ തുടരുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള ഓണം സ്പെഷ്യല്‍ ഡ്രൈവിൽ 16,306 പരിശോധനകളാണ് നടത്തിയത്. 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 802 മയക്കുമരുന്ന് കേസുകളും 2,425അബ്കാരി കേസുകളും പുകയിലയുമായി ബന്ധപ്പെട്ട 8,441 കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളില്‍ 1,988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരും അറസ്റ്റിലായി.
ലഹരി കടത്തുകയായിരുന്ന 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 525 കിലോ കഞ്ചാവും പത്തരക്കിലോ കിലോ ഹാഷിഷ് ഓയിലും 796 ഗ്രാം ബ്രൗൺ ഷുഗറും 113 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. 606.9 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. അനധികൃതമായി കടത്തുകയായിരുന്ന 1440 ലിറ്റര്‍ മദ്യവും 6832 ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവും 1020 ലിറ്റര്‍ കള്ളും പിടിച്ചു. 491 ലിറ്റര്‍ സ്പിരിറ്റും ഡ്രൈവിന്‍റെ ഭാഗമായി പിടിച്ചിട്ടുണ്ട്. ലഹരി കടത്തിനെതിരെ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ജീവനക്കാരെ മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു.