സജി ചെറിയാന്റെ രാജി പ്രതിപക്ഷത്തിന് പുതിയ ഊർജം: കരുത്തോടെ സഭയിലേക്ക്
സര്‍ക്കാരിനെ നിരന്തരമായി പ്രതിരോധത്തിലാക്കാന്‍ കഴിയുന്നിടത്തേക്ക് പ്രതിപക്ഷ പ്രവര്‍ത്തനത്തെ എത്തിക്കാന്‍ വി.ഡി സതീശനും സംഘത്തിനുമായി.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രി സഭയില്‍ നിന്നും സജി ചെറിയാന്‍ പടിയിറങ്ങേണ്ടി വന്നത് പ്രതിപക്ഷത്തിനും പുതിയ ഊര്‍ജ്ജം നല്‍കും. സര്‍ക്കാരിനെ നിരന്തരമായി പ്രതിരോധത്തിലാക്കാന്‍ കഴിയുന്നിടത്തേക്ക് പ്രതിപക്ഷ പ്രവര്‍ത്തനത്തെ എത്തിക്കാന്‍ വി.ഡി സതീശനും സംഘത്തിനുമായി.
തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ട് ആടിയുലഞ്ഞിടത്ത് നിന്ന് തുടക്കം. പ്രതിപക്ഷ നിരയിലെ എണ്ണം നിയമസഭയ്ക്കുള്ളില്‍ ഭരണപക്ഷത്തോട് പിടിച്ചു നില്‍ക്കാന്‍ പോലും ഇല്ലെന്ന് പലരും വിലയിരുത്തിയ നാളുകള്‍. പക്ഷേ തുടക്കം മുതല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കിട്ടിയ ഒരവസരവും വി .ഡി സതീശനും സംഘവും പാഴാക്കിയില്ല. കെ -റെയിലിലും സ്വര്‍ണകടത്ത് വിവാദത്തിലുമെല്ലാം മുഖാമുഖം പോര് വിളിച്ചു. പുതിയ സമ്മേളനത്തിലേക്ക് എത്തിയത് തന്നെ തൃക്കാക്കരയിലെ ഉജ്ജ്വല വിജയവുമായി. സമ്മേളന കാലത്ത് പ്രതിപക്ഷത്തിന് സമര സജ്ജമാകാനുള്ള ആയുധങ്ങളെല്ലാം ഭരണപക്ഷം തന്നെ നല്‍കി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐക്കാര്‍ അതിക്രമം കാട്ടിയത് ഉയര്‍ത്തി ഈ സമ്മേളനത്തിലെ ആദ്യ ദിവസം തന്നെ സഭയെ സ്തംഭിപ്പിച്ചു. അതിനിടയില്‍ സജി ചെറിയാന്‍റെ ഭരണഘടനയെ നിന്ദിക്കല്‍ പ്രയോഗം അപ്രതീക്ഷിത ആയുധമായി മാറി. വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മന്ത്രിയെ ബഹിഷ്കരിച്ച് രാജിക്കുള്ള അരങ്ങൊരുക്കാന്‍ പ്രതിപക്ഷത്തിനായി. മന്ത്രിയുടെ വാക്കുകള്‍ സംഘപരിവാര്‍ ഭാഷ്യമെന്ന പ്രതിപക്ഷ ആരോപണം ഭരണപക്ഷത്തെ വെട്ടിലാക്കി. എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറില്‍ സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് സര്‍ക്കാരിനെ ചോദ്യശരങ്ങളില്‍ നിര്‍ത്താനും പ്രതിപക്ഷത്തിനായി.