അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയത് ആയുധമാക്കാന്‍ പ്രതിപക്ഷം
എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നൽകി ഒഴിവാക്കാനായിരിക്കും സർക്കാർ നീക്കം.
മോന്‍സൺ മാവുങ്കൽ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിലെത്തിയത് പ്രതിപക്ഷം രാഷ്ട്രീയ അയുധമാക്കിയേക്കും. വിവാദ കേസിൽ അകപ്പെട്ടയാളെ സർക്കാർ ക്ഷണിച്ചുവെന്ന പ്രചാരണമായിരിക്കും പ്രതിപക്ഷം നടത്തുക. എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നൽകി ഒഴിവാക്കാനായിരിക്കും സർക്കാർ നീക്കം.
വ്യാജ പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലുമായുള്ള പരിചയത്തിന്‍റെ പേരിലാണ് അനിത പുല്ലയിലിനെ കേരളം അറിയുന്നത്. പിന്നീട് വിവാദമായി ഈ കേസുമായി ബന്ധപ്പെട്ട് അനിതയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് ലോക കേരള സഭ നടന്ന നിയമസഭ സമുച്ചയത്തില്‍ അനിത പുല്ലയില്‍ എത്തിയത്. സമ്മേളനം നടന്ന രണ്ട് ദിവസവും അനിത നിയമസഭ സമുച്ചയത്തില്‍ ഉണ്ടായിരുന്നു. ഇത് രാഷ്ട്രീയ പ്രചാരണ വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ക്രിമിനൽ കേസിൽ പ്രതിയാക്കപ്പെട്ടയാൾ ലോക കേരള സഭ വേദിയിൽ എങ്ങനെ എത്തി എന്ന ചോദ്യമായിരിക്കും പ്രതിപക്ഷം ഉയർത്തുക. ക്രിമിനൽ കേസുകളിൽ പങ്കാളികളാകുന്നവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രചാരണവും അഴിച്ചുവിട്ടേക്കും. എന്നാൽ അനിതയെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന പ്രതിരോധം തീർക്കാനാണ് സർക്കാർ ശ്രമം. സഭ സമ്മേളനത്തിന്‍റെ അതിഥി പട്ടികയിൽ അനിതയുടെ പേരില്ലാത്തതും സർക്കാർ ഉയർത്തിക്കാട്ടും. ക്ഷണിക്കാത്തയാൾ രണ്ട് ദിവസം നിയമസഭ സമുച്ചയത്തിൽ എങ്ങനെ നിന്നു എന്ന മറു ചോദ്യമായിരിക്കും പ്രതിപക്ഷം ഉയര്‍ത്തുക. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ അനിത പുല്ലയിൽ ഇതുവരെ തയ്യാറായിട്ടില്ല..