'പൊലീസ് ഗേറ്റിന് പുറത്ത്, അവരുടെ സംരക്ഷണം ആവശ്യമില്ല': ക്ഷുഭിതരായി കോൺഗ്രസ് നേതാക്കൾ
തങ്ങളുടെ നേതാവിനെ സംരക്ഷിക്കാൻ പാർട്ടി പ്രവർത്തകർക്ക് അറിയാമെന്നും കോൺഗ്രസ് നേതാക്കൾ
വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാർത്താസമ്മേളനത്തിനു പിന്നാലെ പൊലീസിനോട് ക്ഷുഭിതരായി കോൺഗ്രസ് നേതാക്കൾ. വാർത്ത സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. ബഹളം കേട്ടതിനെ തുടർന്ന് പ്രസ് ക്ലബ്ബിലേക്ക് കടന്നുവന്ന പൊലീസുകാരോടാണ് കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചത്. പൊലീസിന്റെ സ്ഥാനം ഗേറ്റിന് പുറത്താണെന്നും അവരുടെ സംരക്ഷണം തങ്ങൾക്ക് ആവിശ്യമില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ടി. സിദ്ധീഖ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് പൊലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
പൊലീസ് സഹായിക്കേണ്ട സമയത്ത് സഹായിച്ചില്ലെന്നും എസ്.എഫ്.ഐക്കാർക്ക് തോന്നിവാസം കാണിക്കാൻ ഒരു മണിക്കൂറാണ് പൊലീസ് അനുവദിച്ചു നൽകിയതെന്നും കോൺഗ്രസ് നേതാക്കൾ തുറന്നടിച്ചു. പൊലീസിന്റെ സഹായം വേണ്ട, തങ്ങളുടെ നേതാവിനെ സംരക്ഷിക്കാൻ പാർട്ടി പ്രവർത്തകർക്ക് അറിയാമെന്നും കോൺഗ്രസ് നേതാക്കൾ വിശദമാക്കി. അതേസമയം നരേന്ദ്രമോദി സർക്കാറിന്റെ ക്വട്ടേഷനാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നതെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഒരു മണിക്കുറോളം എസ്.എഫ്.ഐ ആക്രമണം നടന്നൂയെന്നത് മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തകർത്ത എസ്.എഫ്.ഐ നടപടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ബഫർ സോണിലെ വില്ലനെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ബഫർ സോൺ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അത് മറച്ചുവെച്ച് കൊണ്ടാണ് എസ്.എഫ്.ഐ ആക്രമണം നടത്തിയതെന്നും വി.ഡി സതീശൻ പറഞ്ഞു. എസ്.എഫ്.ഐയുടെ ആക്രമണം ആസൂത്രിതമാണെന്നും ഓഫീസിൽ കയറാനുള്ള വഴി നേരത്തെ അവർ കണ്ടെത്തിയിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു. സംഘ പരിവാറിന്റെ അജണ്ട എസ്എഫ്ഐ ഏറ്റെടുക്കുകയാണുണ്ടായത്. ഗാന്ധിയുടെ ചിത്രം മാത്രം അടിച്ചു തകർക്കുകയും മറ്റു ചിത്രങ്ങൾ തൊടുക പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സംഘപരിവാർ പോലും ചെയ്യാത്ത കാര്യമാണ് ടഎക ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വർണക്കടത്ത് കേസിൽ സന്ധി ചെയ്യുകയാണ് സംസ്ഥാന സർക്കാർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ് ആക്രമണത്തിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് എല്ലാ ആക്രമണങ്ങളും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രക്തസാക്ഷികളെ ഉണ്ടാക്കാനും ആളുകളുടെ കണ്ണിൽ പൊടിയിടാനുമാണ് സർക്കാർ ശ്രമിക്കുന്നത്. രക്തസാക്ഷികളെ ഉണ്ടാക്കാനാണ് സിപിഎം നോക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം പ്രതിരോധത്തിലായപ്പോളാണ് അക്രമത്തെ തള്ളിക്കളയാന് തയ്യാറായത്. ആക്രമണം തടയാതിരിക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം ലഭിച്ചുവെന്നും അത്കൊണ്ടാണ് പ്രതിഷേധത്തെ തടയാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഡിവൈഎസ്പിയെ സസ്പെന്റ് ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു.