'മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി പൈലറ്റ് വാഹനങ്ങളുടെ അകമ്പടി വേണ്ട; ജനകീയ സർക്കാർ മുന്നോട്ട്' - പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
ഇന്ന് മുഖ്യമന്ത്രിക്ക് പൊലീസ് കനത്ത സുരക്ഷാ വലയമൊരുക്കിയ സാഹചര്യത്തിലാണ് പഴയ പോസ്റ്റ് വീണ്ടും വൈറലാവുന്നത്.
കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൈലറ്റ് വാഹനങ്ങൾ വേണ്ടെന്ന മന്ത്രി പി. രാജീവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലാവുന്നു. 2016 ജൂൺ 23നുള്ള ഫേസ്ബുക്ക് പോസ്റ്റാണ് മുഖ്യമ്ര്രന്തിക്ക് വൻ സുരക്ഷാ സന്നാഹമൊരുക്കിയ സാഹചര്യത്തിൽ വീണ്ടും വൈറലാവുന്നത്.
''മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി പൈലറ്റ് വാഹനങ്ങളുടെ അകമ്പടി വേണ്ടെന്ന് ജനകീയ സർക്കാർ തീരുമാനിച്ചു. ഉമ്മൻ ചാണ്ടിയുടെ ഇസഡ് പ്ലസ് സുരക്ഷയും പിൻവലിച്ചു. വിഐപി സുരക്ഷ പുനരവലോകനം വഴി പിണറായി സർക്കാർ തിരിച്ചെടുക്കുന്നത് അഞ്ഞൂറോളം പൊലീസുകാരെ...ചരിത്രപരമായ തീരുമാനം. ജനകീയ സർക്കാർ മുന്നോട്ട്'' - ഇതാണ് പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ അധികം താമസിയാതെ തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചിരുന്നു. ഇന്ന് കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
40 അംഗ സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേർ. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാ സംഘത്തിൽ എട്ട് പേർ, പൈലറ്റും എസ്‌കോർട്ടും ഓരോ ജില്ലകളിലും അധികമായെത്തും. പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷ ഇതിന് പുറമെയാണ്.
കോട്ടയത്തും കൊച്ചിയിലും നഗരം പൊലീസ് വലയത്തിലാക്കിയാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. പരിപാടിക്ക് വളരെ മുമ്പ് തന്നെ പൊലീസ് നഗരത്തിൽ വാഹനം തടഞ്ഞിട്ടതോടെ ജനം വലഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌ക് ധരിക്കുന്നതിനടക്കം അപ്രഖ്യാപിത വിലക്കായിരുന്നു. കറുത്ത മാസ്‌ക് ധരിച്ചെത്തിയവർക്ക് പൊലീസുകാർ അത് ഊരിവാങ്ങി നീല മാസ്‌കുകൾ വിതരണം ചെയ്തു.