കർണാടകയിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾക്ക് അനുമതി നിഷേധിച്ചു
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
ബെംഗളൂരു: കർണാടകയിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾക്ക് അനുമതി നിഷേധിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇന്നലെ നടത്താനിരുന്ന സെമിനാറിന് കർണാടക പൊലീസ് അനുമതി നിഷേധിക്കുകയും പരിപാടി നടത്താനിരുന്ന ബിഫ്റ്റ് ഓഡിറ്റോറിയം പൂട്ടിയിടുകയും ചെയ്തു. കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനുമതി നൽകാതിരിക്കാൻ സമ്മർദ്ദമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂവ്മെന്റ് ഫോർ ജസ്റ്റിസ് നടത്താനിരുന്ന ലീഗൽ അവെയർനെസ്സ് പരിപാടിക്കും ബംഗ്ലൂരു ഫ്രീഡം പാർക്കിൽ നടത്താനിരുന്ന പ്രതിഷേധ സംഗമത്തിനും അനുമതി നിഷേധിച്ചിട്ടുണ്ട്. ഫലസ്തീൻ സിനിമാ പ്രദർശനത്തിനും അനുമതി നൽകിയില്ല.
അതിനിടെ, തുംകൂറിൽ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്ത അഞ്ചോളം പേർക്കെതിരെ ഐപിസി 295 എ കുറ്റം ചുമത്തി. ഒക്ടോബർ 16ന് ബെംഗളൂരു എം.ജി റോഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത 25 പേർക്കെതിരെ കുറ്റപത്രവും രജിസ്റ്റർ ചെയ്തു. മുസ്‌ലിം നേതാക്കളും ഉലമാ ഗ്രൂപ്പും മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ചു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Palestine solidarity programs denied permission in Karnataka