പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും കേസ്

പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്

Update: 2024-11-26 08:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും മർദ്ദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും കേസ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രാഹുലിനെ ഇന്നലെത്തന്നെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തി.

ഈയിടെയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.

ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഒത്തുതീർന്നതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.


Full View



Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News