അയോധ്യയും വരാണസിയും പോലെ പത്തനംതിട്ടയേയും മാറ്റും: അനിൽ ആന്റണി
കാർഷിക മേഖലയിൽ മോദിജി ചെയ്ത കാര്യങ്ങൾ ചരിത്രത്തിൽ ഇതുവരെ ഒരാളും ചെയ്തിട്ടില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
ന്യൂഡൽഹി: അയോധ്യയും വരാണസിയും പോലെ പത്തനംതിട്ടയേയും മാറ്റുമെന്ന് ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്റണി. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ബി.ജെ.പിയിലെത്തിയതെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. മോദിജിയുടെ കാഴ്ചപ്പാടിന് വേണ്ടി പ്രവർത്തിക്കാനാണ് ബി.ജെ.പിയിലെത്തിയത്. പാർട്ടി നേതൃത്വമാണ് സ്ഥാനാർഥിത്വം തീരുമാനിച്ചത്. അത് അംഗീകരിക്കുന്നുവെന്നും അനിൽ പറഞ്ഞു.
രാജ്യത്തെ മുഴുവൻ മണ്ഡലങ്ങളിലും മോദിയുടെ ഗ്യാരണ്ടിയാണ് ബി.ജെ.പിയുടെ പ്രചാരണായുധം. കേരളത്തിലും ഏറ്റവും ഗുഡ്‌വിൽ ഉള്ള നേതാവ് മോദിയാണ്. അയോധ്യയും വരാണസിയുമെല്ലാം ലോകത്തെ തന്നെ ഏറ്റവും വലിയ മത കേന്ദ്രങ്ങളായി മാറി. എന്നാൽ ശബരിമലയിൽ ഇപ്പോഴും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. ശബരിമലയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടുവരുമെന്നും അനിൽ പറഞ്ഞു.
കാർഷിക മേഖലയിൽ മോദിജി ചെയ്ത കാര്യങ്ങൾ ചരിത്രത്തിൽ ഇതുവരെ ഒരാളും ചെയ്തിട്ടില്ല. 11 കോടിയോളം കാർഷിക കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം കോടിയോളം രൂപയാണ് ഇതിനകം മോദി സർക്കാർ ചെലവഴിച്ചത്. പത്തനംതിട്ടയിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ അവിടെയും മോദിയുടെ ഇടപെടൽ വേണമെന്നും അനിൽ ആന്റണി പറഞ്ഞു.