പാലക്കാട് മെഡി.കോളജിൽ നിന്ന് വീണ് രോഗി മരിച്ച സംഭവം: അധികൃതരുടെ വീഴ്ചയെന്ന് പരാതി
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്
പാലക്കാട്: മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് രോഗി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി. പൈപ്പ് ഡക്ടിന്റെ വാതിൽ പൂട്ടിയിടുന്നതിൽ സംഭവിച്ച വീഴ്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. സാമൂഹ്യ പ്രവർത്തകരാണ് പരാതി നൽകിയത്.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം. പൈപ്പിൽ നിന്നും വെള്ളം ചോരുന്നത് കേട്ടാണ് ആശുപത്രി ജീവനക്കാർ പൈപ്പ് ഡക്റ്റ് തുറന്ന് നോക്കിയത്. ഈ സമയം പൈപ്പുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു നിലയിൽ മോഹനന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുകളിലെ നിലകളിലേക്ക് ജലവിതരണ പൈപ്പുകൾ ഉൾപ്പടെ ബന്ധിപ്പിക്കാനായി സജ്ജീകരിച്ച മുറിയാണ് പൈപ്പ് ഡക്റ്റ് . പൈപ്പുകളിൽ തകരാറുണ്ടായാൽ ഒരോ നിലയിലും ഡക്റ്റ് തുറന്ന് അറ്റകുറ്റ പണി നടത്തുന്നതാണ് രീതി. മെഡിക്കൽ കോളേജിലെ മൂന്നാം നിലയിൽ ഒ.പി യോട് ചേർന്നാണ് ഡക്റ്റുള്ളത്.
രാവിലെ മോഹനൻ ഒ.പി യിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇതിനിടെ ശൗചാലയം എന്ന് കരുതി അബദ്ധത്തിൽ ഡക്റ്റിലേക്ക് കയറിയപ്പോൾ വീണതാകാം എന്നാണ് നിഗമനം. ഡക്റ്റിലേക്കുള്ള വാതിൽ പൂട്ടിയിടുന്നതിൽ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയതെന്നാണ് പരാതി. ഇതിൽ ആരോഗ്യ വകുപ്പിനും അശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചതായി പരാതി നൽകിയ സാമൂഹ്യ പ്രവർത്തകർ പറയുന്നു. അതേസമയം, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.