'വർഷങ്ങളുടെ കാത്തിരിപ്പാണ് ഈ പാലം, അതിനി പാതിവഴിയിലാകുമോ';ആശങ്കയോടെ അമ്പൂരിക്കാർ

പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം വന്നതോടെ അമ്പൂരിയടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലുള്ളവർ ആശങ്കയിലാണ്

Update: 2022-04-06 01:29 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: 'എത്രയോ വർഷങ്ങൾ കാത്തിരുന്നാണ് പാലം പണി തുടങ്ങിയത്. ഇത്രയൊക്കെ ആയിട്ട് അത് നിർത്തിവെക്കണമെന്ന് പറയുന്നതിനേക്കാൾ നല്ലത് ഇവിടെയുള്ള 1000 ത്തിലധികം കുടുംബങ്ങളെ വല്ല വിഷവും തന്ന് കൊന്നൂടെ'; തിരുവനന്തപുരത്തെ മലയോരമേഖലയായ അമ്പൂരിയിലെ ചിന്നമ്മയുടെ വാക്കുകളാണ്. ചിന്നമ്മയുടെ വാക്കുകളിൽ നിറയുന്ന രോഷത്തിന് അവരുടെ വർഷങ്ങളുടെ കാത്തിരിപ്പിന്റെ വേദനയുണ്ട്.

പരിസ്ഥിതിലോല മേഖലകൾ നിർണയിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം വന്നതോടെ അമ്പൂരിയടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലുള്ളവർ ആശങ്കയിലാണ്. വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ പാലം ഇല്ലാതാകുമോയെന്നാണ് അമ്പൂരിയിലെ ജനങ്ങളുടെ പേടി . ആദിവാസി സെറ്റിൽമെന്റ് കോളനിയിലെ 1200 ഓളം കുടുംബങ്ങളാണ് കരപ്പയാറിന് അപ്പുറം പാലത്തിനായി കാത്തിരിക്കുന്നത്.മരിച്ചുകഴിഞ്ഞാലെങ്കിലും ഞങ്ങളുടെ ശവശരീരം ആ പാലത്തിലൂടെ കൊണ്ടുപോകണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹമെന്ന് ചിന്നമ്മ പറയുന്നു.

ചിന്നമ്മയുടെ പ്രായമോളം പഴക്കമുണ്ട് ഈ തുരുത്തുകാരുടെ പാലത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിന്. ചുവപ്പ് നാടയിൽ കുടുങ്ങി പിന്നെയും ഏറെ നാൾ..ഒടുവിൽ എംഎൽഎയും മന്ത്രിമാരുമടക്കം ഇടപെട്ടു.കിഫ്ബി ഫണ്ടിൽ നിന്ന് പാലം പണിക്കുള്ള ഫണ്ട് അനുവദിച്ചു. ആറ് മുറിച്ചുകടന്നെത്തി നാട്ടുകാർ തന്നെ പാലം പണിക്ക് കളമൊരുക്കി.പണിയും തുടങ്ങി. പക്ഷേ അമ്പൂരി പഞ്ചായത്തിലെ ഈ തുരുത്തും സംരക്ഷിത മേഖലയിൽ ഉൾപ്പെട്ടതോടെ പാലം പണി നിലക്കുമോ എന്ന ആശങ്കയിലാണ് ഇവർ

കാരിക്കുഴിയും പറത്തിയും പുരവിമലയുമൊക്കെ ചേരുന്നതാണ് കരപ്പയാറിനപ്പുറമുള്ള ഈ തുരുത്ത്. എന്താവശ്യത്തിനും അമ്പൂരിയിലേക്ക് പോകാനുള്ളത് ഒരു വഞ്ചിയാണ്. 650 ആദിവാസി കുടുംബങ്ങളടക്കം 1200ലധികം വീടുകൾ ഇവിടെയുണ്ട്. ദിവസവും അഞ്ചുകിലോമീറ്റർ മലയിറങ്ങി ആറ് മുറിച്ച് പുറം ലോകത്തെത്തുന്ന സരസ്വതിയമ്മയെ പോലുള്ള നിരവധി മനുഷ്യർ ഇവിടെയുണ്ട്. ജീവിതത്തിന്റെ ഭൂരിഭാഗം കാലവും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നവർക്ക് ഈ പാലം പുതിയൊരു പ്രതീക്ഷയാണ്. പക്ഷേ പുതിയ വിജ്ഞാപനം വന്നതോടെ അവരുടെ പ്രതീക്ഷകൾക്ക് മേൽ ഇരുട്ട് പടരുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ മനുഷ്യരെല്ലാം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News