482 ബാലറ്റുകൾ കാണാനില്ല; പെരിന്തൽമണ്ണയിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ നിർണായക വഴിത്തിരിവ്. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണ്. സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ചില ബാലറ്റുകൾ എണ്ണാതെ മാറ്റിവെച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു മുസ്തഫയുടെ വാദം.
കോടതി നിർദേശിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച പെട്ടികൾ കാണാതായത് വലിയ വിവാദമായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസിൽനിന്നാണ് ബാലറ്റ് പേപ്പറുകൾ സൂക്ഷിച്ച പെട്ടികൾ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽനിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.