'ഇപ്പോഴും പഠിക്കുന്നുണ്ടോ എന്തെങ്കിലും?'; കോൺഗ്രസിനെ കടന്നാക്രമിച്ച് പിണറായി
"തഞ്ചം കിട്ടിയാൽ ചാടും എന്ന നിലയിലാണ് മതനിരപേക്ഷ നിലപാടിന്റെ ഭാഗമായി നിൽക്കുന്നവർ"
കോട്ടയം: കോൺഗ്രസ് രാജ്യത്തെ എല്ലായിടത്തും വർഗീയതയോട് സന്ധി ചെയ്യുകയാണെന്നും ചരിത്രത്തിൽനിന്ന് അവർ പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വർഗീയതയെ എതിർക്കുന്നത് ഇടതുപക്ഷമാണ് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'കേരളത്തിൽ വർഗീയ ശക്തികളെയെല്ലാം ഒന്നിച്ചുകൂട്ടാൻ മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കൂട്ടർ തയ്യാറായാൽ ആരെ പ്രോത്സാഹിപ്പിക്കലാണത്? സംശയമെന്ത്? അത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാണ്. ഇവിടെ മതനിരപേക്ഷമാണ് അവകാശപ്പെടുന്നവർക്ക് ആപത്തു മനസ്സിലാകാത്തത് നിറഞ്ഞു നിൽക്കുന്ന ഇടതുപക്ഷം ഉള്ളതു കൊണ്ടാണ്. നാട്ടിൽ വർഗീയമായി എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ ചാടിവീണ് അതിനെ എതിർക്കാൻ ഇടതുപക്ഷമുണ്ട്. നാടിന്റെ പൊതുവായ വികാരമാണത്. പക്ഷേ, ഈ പറയുന്ന വിഭാഗം മാത്രമുള്ളിടത്ത് അടിയോടെയാണ് ഇളകിപ്പോയത്. നിങ്ങൾ അത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടാക്കുന്നതിന് സഹായകമായ നിലപാടാണ് എടുക്കുന്നത് എന്ന് മറക്കരുത്. അത് നാടിന് ഗുണകരമല്ല. തിരുത്താൻ പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇത് സമൂഹം മനസ്സിലാക്കണം.' - കോൺഗ്രസിനെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 'വസ്ത്രത്തിന്റെ, ഭക്ഷണത്തിന്റെ, ആരാധനയുടെ പേരിൽ ന്യൂനപക്ഷത്തിനു നേരെ ആക്രമണം നേരിടേണ്ടി വരുന്നു. ഇതിനെ അപലപിക്കാതെ പിന്താങ്ങിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ ഭരണകൂടം. മതനിരപേക്ഷത വെല്ലുവിളി നേരിടുകയാണ്. അത്തരമൊരു ഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വേണ്ടി ആ ചിന്താഗതിക്കാരെല്ലാം അണിനിരക്കേണ്ടതുണ്ട്. രാജ്യത്ത് മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. വർഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.' - അദ്ദേഹം കൂട്ടിച്ചേർത്തു.
'വർഗീയതയുടേതായ ഒട്ടേറെ അടയാളങ്ങൾ രാജ്യത്ത് കുറിക്കപ്പെട്ടിട്ടുണ്ട്. അതെടുത്തണിയാൻ മതനിരപേക്ഷമെന്ന് പറയുന്ന ചിലരെങ്കിലും വല്ലാത്ത താത്പര്യം കാണിക്കുന്നുണ്ട്. അതിലൂടെ മതനിരപേക്ഷത സംരക്ഷിക്കുകയല്ല അവർ ചെയ്യുന്നത്. വർഗീയതയെ പ്രോത്സാഹിപ്പിക്കലാണ്. അത് നാടിനും രാജ്യത്തിനും ആപത്താണ്. രാജ്യത്തിന്റെ പൊതുവായ ചിത്രത്തിൽ, വർഗീയത ഏറ്റവും കൊടികുത്തി വാഴുന്ന പ്രദേശങ്ങൾ നേരത്തെ മതനിരപേക്ഷമാണ് എന്നവകാശപ്പെടുന്നവർക്ക് നിറഞ്ഞ സ്വാധീനമുള്ളതായിരുന്നു. വർഗീയതയെ തൊട്ടുംതലോടിയുമുള്ള മൃദുനിലപാടാണ് അവർ സ്വീകരിച്ചത്. തഞ്ചം കിട്ടിയാൽ ചാടും എന്ന നിലയിലാണ് മതനിരപേക്ഷ നിലപാടിന്റെ ഭാഗമായി നിൽക്കുന്നവർ. മതന്യൂനപക്ഷ വിഭാഗങ്ങളാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾക്കിരയാകുന്നത്. അവരിൽ ചിലർ ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാമെന്ന് വിചാരിക്കുന്നു. ഇത് ആത്മഹത്യാപരമായ സമീപനമാണ്. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയത മറുമരുന്നല്ല. ഇത് രണ്ടും പരസ്പര പൂരകങ്ങളായ ശക്തികളാണ്. ഒന്നു മറ്റൊന്നിനെ വളർത്തുന്നു.'- അദ്ദേഹം ചൂണ്ടിക്കാട്ടി.