'ഒരേ ഒരു പിണറായി, ഇരട്ടച്ചങ്കൻ'; ജലീലിന്റെ പോസ്റ്റുകൾ കണ്ടപ്പോൾ റമദാൻ 29ന് രാവിലെത്തന്നെ മാസം കണ്ടോ എന്ന് തോന്നിപ്പോയി: പി.കെ അബ്ദുറബ്ബ്
''രാവിലെ മുതലുള്ള ജലീലിൻ്റെയും, ആവേശക്കമ്മിറ്റി സഖാക്കളുടെയും ഫെയ്സ് ബുക്ക് വെടിവഴിപാടൊക്കെ കഴിഞ്ഞ് ഗ്യാലറി ഒഴിഞ്ഞ സ്ഥിതിക്ക് ഒന്നു പറഞ്ഞോട്ടെ, കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ അന്നം തിന്നുന്നവരാണ്''
മലപ്പുറം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി.സി ജോർജ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ കെ.ടി ജലീലിനെ പരിഹസിച്ച് മുൻ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. പി.സി ജോർജിനെ രാവിലെ വീട്ടിൽ വന്ന് വിളിച്ചുണർത്തി പി.സി.ജോർജിന്റെ വണ്ടിയിൽ തന്നെ അറസ്റ്റു ചെയ്തു കൊണ്ടു പോയ പിണറായിപ്പോലീസിന്റെ ധീരതയെക്കുറിച്ചായിരുന്നു രാവിലെ മുതൽ ഒരു ലൈവ് കമന്ററിയെന്നോണം കെ.ടി.ജലീലടക്കം ആവേശക്കമ്മിറ്റിക്കാരുടെ വിവിധ തരം പോസ്റ്റുകൾ. 'ഒരേ ഒരു പിണറായി, 'ഇരട്ടച്ചങ്കൻ' എന്നൊക്കെ വാരിപ്പുകഴ്ത്തി ജലീലിന്റെ പോസ്റ്റുകൾ കണ്ടപ്പോൾ റമദാൻ 29 ന് രാവിലെത്തന്നെ മാസം കണ്ടോ എന്നു തോന്നിപ്പോയി- അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പി.സി ജോർജിനെ രാവിലെ വീട്ടിൽ
വന്ന് വിളിച്ചുണർത്തി പി.സി.ജോർജിൻ്റെ
വണ്ടിയിൽ തന്നെ അറസ്റ്റു ചെയ്തു
കൊണ്ടു പോയ പിണറായിപ്പോലീസിൻ്റെ
ധീരതയെക്കുറിച്ചായിരുന്നു രാവിലെ
മുതൽ ഒരു ലൈവ് കമൻ്ററിയെന്നോണം കെ.ടി.ജലീലടക്കം ആവേശക്കമ്മിറ്റിക്കാരുടെ വിവിധ തരം പോസ്റ്റുകൾ.
'ഒരേ ഒരു പിണറായി, 'ഇരട്ടച്ചങ്കൻ' എന്നൊക്കെ വാരിപ്പുകഴ്ത്തി ജലീലിൻ്റെ പോസ്റ്റുകൾ കണ്ടപ്പോൾ റമദാൻ
29 ന് രാവിലെത്തന്നെ മാസം കണ്ടോ
എന്നു തോന്നിപ്പോയി.
പ്രിയപ്പെട്ട ജലീൽ, പി.സി.ജോർജ് പണ്ടെവിടെയായിരുന്നു എന്നതല്ല,
ഇപ്പോൾ അദ്ദേഹം പച്ചക്കു വർഗീയത
പറയുന്നു എന്നതാണ് വിഷയം, ഒന്നും, രണ്ടുമല്ല, ഒരുപാടു തവണ അദ്ദേഹം
വിദ്വേഷ പ്രഭാഷണങ്ങൾ നടത്തിയത് പിണറായി വിജയൻ ആഭ്യന്തരം
കയ്യാളുന്ന കേരളത്തിൽ തന്നെയാണ്.
പി.സി.മാത്രമല്ല മുസ്ലിം വിദ്വേഷം നിരന്തരം പ്രസംഗിച്ച സംഘി ക്രിസംഘി പ്രഭാഷകർക്കുമെതിരെ ഒരു ചുക്കും ചെയ്യാത്തവരാണ് രാവിലെ മുതൽ
പി.സിയുടെ അറസ്റ്റ് ആഘോഷിക്കുന്നത്.
പി.സി.ജോർജ് പഴയ UDF ആണെന്നൊക്കെ
എഴുതിപ്പിടിപ്പിക്കുമ്പോഴും അന്നത്തെ ആ
പി.സി യുടെ പാർട്ടി കേരള കോൺഗ്രസ് (എം) ഇന്ന് ജലീലിൻ്റെ മുന്നണിയിലാണെന്ന കാര്യവും ജലീല് മറന്നു.
പിണറായി വിജയൻ്റെ പഴയ നവോത്ഥാന
മതിലിൻ്റെ മേസ്തിരിയും, കെ.ടി.ജലീലിൻ്റെ
ഭാഷയിൽപ്പറഞ്ഞാൽ ഖലീഫാ ഉമർ
രണ്ടാമനുമായ സുഗതൻ വർഗീയ വിദ്വേഷം വമിപ്പിക്കുന്ന പൂഞ്ഞാറിലെ മാലിന്യത്തിന്
പിന്തുണ നൽകാൻ വന്ന കാര്യവും
സൗകര്യപൂർവ്വം ജലീൽ മറന്നു.
കളി തീരാൻ പത്തു മിനിറ്റുള്ളപ്പോൾ പച്ചയും ചുകപ്പും കുപ്പായമണിഞ്ഞ് പകരക്കാരനായി കളത്തിലിറങ്ങിയ ഒരു ഫോർവേർഡറുടെ ആവേശമായിരുന്നു ജലീലിന്, പക്ഷെ
ജലീലടിച്ച മുഴുവൻ ഗോളുകളും സ്വന്തം
പോസ്റ്റിലേക്കു തന്നെയായിരുന്നു എന്നു
കളി കഴിഞ്ഞ് പി.സി ജോർജ് ജാമ്യത്തിലിറങ്ങിയപ്പോഴാണ്
കാണികൾക്ക് മനസ്സിലായത്. പി.സി
ഇനി പുറത്തിറങ്ങില്ല എന്നൊക്കെ കരുതി
പോസ്റ്റിട്ട എല്ലാ സഖാക്കൾക്കും രാവിലത്തെ
ആവേശം ഇപ്പോൾ കാണാനില്ല.
ജാമ്യം സംബന്ധിച്ച് സർക്കാർ വക്കീൽ
നടത്തിയത് ഒരു മാച്ച് ഫിക്സിംഗ് ആണോ
എന്നും സംശയിക്കുന്നു. ഉപാധികളോടെ
ജാമ്യം നേടി പുറത്തിറങ്ങി പി.സി.ജോർജ്
പറഞ്ഞത് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ്. തൻ്റെ അറസ്റ്റ്
'മുസ്ലിം തീവ്രവാദികൾക്കുള്ള പിണറായി
വിജയൻ്റെ റമദാൻ സമ്മാനം' എന്നുമാണ്.
രാവിലെ മുതലുള്ള ജലീലിൻ്റെയും, ആവേശക്കമ്മിറ്റി സഖാക്കളുടെയും
ഫെയ്സ് ബുക്ക് വെടിവഴിപാടൊക്കെ കഴിഞ്ഞ് ഗ്യാലറി ഒഴിഞ്ഞ സ്ഥിതിക്ക്
ഒന്നു പറഞ്ഞോട്ടെ, കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ അന്നം തിന്നുന്നവരാണ്.