'നവകേരള സദസിനെതിരെ എല്ലാ ജില്ലകളിലും ഉണ്ടാകുന്ന സമരം മലപ്പുറത്തും ഉണ്ടാകും'; മലക്കം മറിഞ്ഞ് കുഞ്ഞാലിക്കുട്ടി
നവകേരള സദസിനെതിരെ യു.ഡി.എഫ് പ്രതിഷേധം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ആദ്യം പറഞ്ഞത്.
മലപ്പുറം: നവകേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധമുണ്ടാകില്ലെന്ന നിലപാട് തിരുത്തി കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും ഉണ്ടാകുന്ന സമരം മലപ്പുറത്തുമുണ്ടാകും. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉണ്ടായ മർദനം ഗൗരവമുള്ളതാണ്. അതിൽ പ്രതിഷേധമുണ്ടായത് സ്വാഭാവികമാണ്. വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നവകേരള സദസിനെതിരെ യു.ഡി.എഫ് പ്രതിഷേധം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ആദ്യം പറഞ്ഞത്. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായതോടെയാണ് അദ്ദേഹം തിരുത്തിയത്. വി.ഡി സതീശൻ നവകേരള സദസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടി മൃദു നിലപാട് സ്വീകരിച്ചത്. ഇത് ചർച്ചയായതോടെയാണ് കുഞ്ഞാലിക്കുട്ടി മലക്കം മറിഞ്ഞത്.