പ്ലസ് വൺ സീറ്റ് : എം.എൽ.എമാർക്ക് എസ്.കെ.എസ് എസ്.എഫ് നിവേദനം

വിജയിച്ച വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം ബാച്ചുകൾ വർധിപ്പിച്ച് വിദ്യാർഥികളുടെ ആശങ്ക അകറ്റണമെന്നും പ്രശ്‌നത്തിന് ഈ വർഷമെങ്കിലും ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം.

Update: 2024-05-25 15:40 GMT
Advertising

കോഴിക്കോട് : ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കാറായിട്ടും മലബാറിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പഠനത്തിന് ആവശ്യമായ സീറ്റ് ലഭ്യമാകാത്ത വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മലബാറിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ താനൂർ എം.എൽ.എ വി. അബ്ദുറഹ്‌മാന് നേതാക്കൾ നിവേദനം നൽകി. ഓരോ പ്രദേശത്തും വിജയിച്ച വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം ബാച്ചുകൾ വർധിപ്പിച്ച് വിദ്യാർഥികളുടെ ആശങ്ക അകറ്റണമെന്നും പ്രശ്‌നത്തിന് ഈ വർഷമെങ്കിലും ശാശ്വത പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഈ വർഷവും തൽക്കാലിക പരിഹാര നടപടിയിലേക്ക് സർക്കാർ നീക്കം ആരംഭിച്ചത് നിരാശ വർധിപ്പിച്ചിരിക്കുകയാണ്. അധ്യാപക-വിദ്യാർഥി അനുപാതം പോലും പരിഗണിക്കാതെ തിങ്ങി ഞെരുങ്ങിയിരുന്ന് പഠിക്കേണ്ട അവസ്ഥയാണ് ഇവിടങ്ങളിൽ വിദ്യാർഥികൾക്കുള്ളത്. നിയമപരമായി ഒരു ക്ലാസ്സിൽ പഠിക്കേണ്ട കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ ഇരിക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. ഹയർസെക്കൻഡറി സീറ്റ് ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിലെ പോലെ ആയിരക്കണക്കിന് വിദ്യാർഥികൾ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കേണ്ടി വരുന്ന അവസ്ഥക്ക് തടയിടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. തെക്കൻ ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ മലബാറിലേക്ക് മാറ്റുന്നതിന് ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുന്നതിന് നിയമസഭക്ക് അകത്തും പുറത്തും ഫലപ്രദമായി ഇടപെടുന്നതിനായി സാമാജികരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയാണ് നിവേദനം നൽകുന്നത്.

മന്ത്രി വി. അബ്ദുറഹ്‌മാന് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് നിവേദനം കൈമാറി. സംസ്ഥാന ജില്ലാ നേതാക്കളായ അനീസ് ഫൈസി മാവണ്ടിയൂർ, അലി അക്ബർ മുക്കം, സുലൈമാൻ ഫൈസി കൂമണ്ണ, ഹനീഫ മാസ്റ്റർ അയ്യായ, മുനീർ പറവണ്ണ സംബന്ധിച്ചു. ഇന്ന് മലബാറിലെ മറ്റ് മണ്ഡലങ്ങളിലെ എം.എൽ.എമാരെ നേരിൽകണ്ട് സംസ്ഥാന ജില്ലാ നേതാക്കൾ നിവേദനം സമർപ്പിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News